പയ്യന്നൂര്‍: ചെറുവത്തൂരിലെ ദമ്പതികള്‍ക്ക് നവജാത ശിശുവിനെ വിറ്റു എന്ന പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട ഡോക്ടറെ അടുത്ത ദിവസം ചോദ്യംചെയ്യുമെന്നാണ് സൂചന. പയ്യന്നൂര്‍ സിഐ ആസാദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. കിഴിഞ്ഞ ഒക്‌ടോബറില്‍ ചെറുവത്തൂരിലെ ദമ്പതികളില്‍ പ്രസവിച്ചു എന്നു പറയുന്ന സ്ത്രീയുടെ കൂടെ ആശുപത്രിയില്‍ കഴിഞ്ഞ ബന്ധുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും നിര്‍ണ്ണായകമായ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പ്രസവം നടന്നതായി ആശുപത്രിയില്‍ നിന്നും നല്‍കിയ രേഖയനുസരിച്ചാണ് മുനിസിപ്പാലിറ്റിയില്‍ നിന്നും ജനന സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. വ്യാജരേഖയുണ്ടാക്കി കുട്ടിയെ കൈമാറിയ ഡോക്ടര്‍ ഇതിനു മുമ്പും നവജാത ശിശുക്കളെ കൈമാറ്റം നടത്തിയതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
















