ന്യൂദല്‍ഹി: രാജീവ് വധത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സുപ്രീംകോടതി. ഉണ്ടെങ്കില്‍ ആരാണ് നടത്തിയതെന്നും കോടതി ചോദിച്ചു. ഗൂഢാലോചന അന്വേഷിക്കണമെന്ന ടാഡ കോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ വിശദീകരണം ആവശ്യപ്പെട്ട് സിബിഐക്ക് കോടതി നോട്ടീസയച്ചു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പേരറിവാളന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
വധത്തിന് പിന്നിലെ ഗുഢാലോചന ഉള്‍പ്പെടെയുള്ളവ അന്വേഷിക്കാന്‍ 1998ല്‍ ടാഡ കോടതി ഉത്തരവിട്ടിരുന്നു. സിബിഐ ഇത്തരത്തില്‍ അന്വേഷണം നടത്തിയില്ലെന്നും അതിനാല്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പേരറിവാളന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഗൂഢാലോചന അന്വേഷിക്കണമെന്ന് ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതായും പേരറിവാളന്വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് വധത്തിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്.
ടാഡ കോടതി ഉത്തരവ് സിബിഐ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് സിബിഐക്ക് കോടതി നോട്ടീസയച്ചു. വധത്തിന് പിന്നില്‍ ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഢാലോചന നടന്നുവെന്നാണ് പേരറിവാളന്റെ ആരോപണം.
















