ന്യൂദല്‍ഹി: പഴയ വികലാംഗ നിയമത്തിനു പകരമുള്ള പുതിയ വികലാംഗ അവകാശ നിയമം (2014) രാജ്യസഭ പാസാക്കി. ഇനി ഇത് ലോക്‌സഭയുടെ പണിഗണനയ്‌ക്ക് വിടും. പുതിയ ബില്‍ നിയമമാകുന്നതോടെ കൂടുതലാളുകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 2011ലെ സെന്‍സസ് പ്രകാരം ഭാരതത്തില്‍ 2.68 കോടി അംഗപരിമിതരാണ് ഉള്ളത്.
പഴയ നിയമത്തില്‍ ഏഴുതരം വൈകല്യമുള്ളവരെ മാത്രമേ അംഗപരിമിതരായി കണ്ടിരുന്നുള്ളു. അന്ധത, കാഴ്ചക്കുറവ്, ഭേദമായ കുഷ്ഠം, കേള്‍വിക്കുറവ്. സഞ്ചാര വൈകല്യം, മാനസികവളര്‍ച്ചക്കുറവ്, മനോരോഗം എന്നിവ.
പുതിയ നിയമ പ്രകാരം 19 രോഗങ്ങള്‍ ഉള്ളവരെ അംഗപരിമിതരായി കണക്കാക്കും, സെറിബ്രല്‍ പാള്‍സി, ഹീമോഫീലിയ, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് (തലച്ചോറിലെയും സുഷ്മ്‌നയിലെയും ഞരമ്പു കോശങ്ങള്‍ക്ക് കേടുവരുന്ന അവസ്ഥ), ഓട്ടിസം (ആശയവിനമയം നടത്താനുള്ള ശേഷിക്കുറവ്), തലാസീമിയ (രക്തസംബന്ധമായ പാരമ്പര്യ രോഗം) എന്നിവയുള്ളവരെയും അംഗപരിമിതരായി കണക്കാക്കും. ആസിഡ് ആക്രമണം, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവ മൂലമുണ്ടായ വൈകല്യവും പുതിയ നിയമത്തിലുള്‍പ്പെടുത്തി. ഇതിനു പുറമേ കേന്ദ്രത്തിന് കൂടുതല്‍ രോഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ അധികാരവും ബില്‍ നല്‍കുന്നു.
40 ശതമാനം വൈകല്യം ഉള്ളവര്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ സംവരണവും കേന്ദ്ര പദ്ധതികളില്‍ മുന്‍ഗണനയും വ്യവസ്ഥ ചെയ്യുന്നു. അംഗപരിമിതര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് മൂന്നു ശതമാനം സംവരണമാണ് നേരത്തെയുണ്ടായിരുന്നത്. ഇത് അഞ്ചു ശതമാനമാക്കി.
















