മുംബൈ: നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 30 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് സഹായകമാകുന്നതിനായിട്ടാണീ നടപടി.
ഇതിലൂടെ ബാങ്കുകളിലെ ഇടപാടുകാരെ തിരിച്ചറിയുവാനാകും. ഇതോടൊപ്പം ബാങ്കുകള്‍ തങ്ങളുടെ പണം സൂക്ഷിക്കുന്ന കാഷ് ചെസ്റ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങളും ശേഖരിച്ചു വയ്‌ക്കണമെന്ന് ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയം ഈ മാസം അവസാനിക്കാനിരിക്കെയാണ് ആര്‍ബിഐയുടെ ഈ നിര്‍ദ്ദേശം. 500, 1000 രൂപാ നോട്ടുകള്‍ നിക്ഷേപിച്ചതിന്റെ വ്യക്തമായ രേഖകള്‍ സൂക്ഷിക്കണമെന്നും ദേശസാത്കൃത ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിച്ചവരെ കണ്ടെത്താന്‍ കഠിന പരിശ്രമത്തിലാണ് ആര്‍ബിഐയും ആദായനികുതി വകുപ്പും. 2,000 രൂപയുടെ വന്‍തോതിലുള്ള പുതിയ നോട്ടുകളാണ് രാജ്യത്ത് വിവിധ പ്രദേശങ്ങളില്‍ നിന്നും പിടിച്ചെടുത്തുകൊണ്ടിരിക്കുന്നത്.
















