തൃശൂര്‍: ജില്ലാ സഹകരണ ബാങ്കിന്റെ ഒല്ലൂര്‍ കുന്നംകുളം ബ്രാഞ്ചുകളില്‍ തിങ്കളാഴ്ച നബാഡ് പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായം ചെയ്‌തോയെന്നും, അനുവദിക്കപ്പെട്ട ദിവസങ്ങളില്‍ വന്‍ നിക്ഷേപം വന്നത്, കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളായിരുന്നു പരിശോധിച്ചത്.
രാവിലെ തുടങ്ങിയ പരിശോധന വൈകിട്ടുവരെ നീണ്ടു. കൊച്ചി, തൃശൂര്‍, പാലക്കാട് യൂണിറ്റുകളില്‍ നിന്നുള്ള മൂന്നു ഉദ്യോഗസ്ഥരാണ് രണ്ടു ശാഖകളിലും പരിശോധന നടത്തിയത്. ആദ്യം ഒല്ലൂരിലും ഉച്ചക്കു ശേഷം കുന്നംകുളത്തുമായിരുന്നു പരിശോധന. കെ.വൈ.സി നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന പരിശോധനയാണ് പ്രധാനമായും നടത്തിയത്. ബാങ്ക് സ്വീകരിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ സംബന്ധിച്ച രേഖകളാണ് അധികൃതര്‍ പരിശോധിച്ചത്. നവംമ്പര്‍ 10 മുതല്‍ 14 വരെ സ്വീകരിച്ച നോട്ടുകളാണിവ. അനുവദിക്കപ്പെട്ട ദിവസത്തില്‍ 196 കോടിയുടെ നിക്ഷേപമാണ് ജില്ലാ സഹകരണ ബാങ്കിന് ലഭിച്ചത്. ഇതാകട്ടെ പ്രാഥമിക സഹകരണ സംഘങ്ങളുടെയും, ആദ്യകാല ഇടപാടുകാരുടെയുമായിരുന്നു.
ഇതോടൊപ്പം എട്ടാംതിയതി ജില്ലാ സഹകരണ ബാങ്കിന്റെ കൈവശമുണ്ടായിരുന്ന 176 കോടിയുടെയും കണക്കുകളും നബാര്‍ഡ് സംഘം പരിശോധിച്ചു. ആര്‍.ബി.ഐക്ക് നല്‍കിയ കണക്കുകളും പരിശോധിച്ചു. ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഈ ദിവസങ്ങളില്‍ നിക്ഷേപങ്ങളൊന്നും എത്തിയിട്ടില്ലെന്നും കണ്ടെത്തി. നോട്ടുകള്‍ നല്‍കിയ എല്ലാവരുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയാണ് വേണ്ടിയിരുന്നത്. നിശ്ചിത തുകയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവരോട് പാന്‍ കാര്‍ഡ് നമ്പറും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ രേഖകള്‍ എല്ലാം പരിശോധിച്ചു. ബാങ്ക് കെ.വൈ.സി പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അസാധുവായ നോട്ടുകളില്‍ 400 കോടി സ്റ്റേറ്റ് ബാങ്ക്, ഐ.ഡി.ബി.ഐ എന്നിവക്ക് കൈമാറാനുള്ള റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം ബാങ്ക് പാലിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 42 കോടി മാത്രമാണ് ബാങ്കിന് ഇതുവരെയായി ബാങ്കുകള്‍ കൈമാറിയിട്ടുള്ളത്. ഇത് 24 പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി അനുവദിച്ചിട്ടുണ്ട്. കറന്‍സി പ്രതിസന്ധിയുടെ സാഹചര്യത്തില്‍ എ.ടി.എമ്മുകള്‍ മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും, തൃശൂര്‍ നഗരത്തിലെ ബാനര്‍ജി കഌബിന് സമീപമുള്ള എ.ടി.എം ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തപ്പിക്കുമെന്ന് പ്രസിഡന്റ് എം.കെ.അബ്ദുള്‍സലാം അറിയിച്ചു.
















