മാവേലിക്കര: തെക്കേക്കര പഞ്ചായത്ത് വായനശാലയില്‍ നിന്നും വലിയ മേശ മോഷണം പോയ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവിനെ കുറത്തികാട് എസ്‌ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് എടുക്കാന്‍ തയ്യാറാകാതെ പോലീസ്. തെക്കേക്കര കുറത്തികാട് താഴ്ചവിളയില്‍ സജന്‍(45) ആണ് മര്‍ദ്ദനമേറ്റത്. മാവേലിക്കര സിഐയ്‌ക്ക് യുവാവിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ മെല്ലപ്പോക്കു നയമാണ് പോലീസ് സ്വീകരിക്കുന്നത്. എന്നാല്‍ മോഷണ ക്കുറ്റം ആരോപിച്ച് യുവാവിനെതിരെ കുറത്തികാട് പോലീസ് കേസെടുത്തു.
ഒന്‍പതാം തീയതി കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച ശേഷം വിട്ടയച്ച സജന്‍ ആശുപത്രിയില്‍ ചികിത്സതേടിയെന്ന് അറിഞ്ഞ് ഇന്നലെയാണ് കേസ് എടുത്തത്. ഇത് എസ്‌ഐ ഉള്‍പ്പെടെ ആരോപണ വിധേയരായവരെ സംരക്ഷിക്കാനാണെന്നാണ് ആരോപണം. സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്ത സജനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാല്‍വെള്ളയ്‌ക്ക് ചൂരല്‍ വടികൊണ്ട് നിരവധി അടിയാണ് ഏറ്റത്. പോലീസിന്റെ ഭീഷണിയെ തുടര്‍ന്ന് രണ്ടു ദിവസം മര്‍ദ്ദന വിവരം സജന്‍ ആരോടും പറഞ്ഞിരുന്നില്ല. ശരീരമാസകലം വേദന അനുഭവപ്പെട്ടതോടെ സുഹൃത്തുക്കളുടെ സഹായത്താല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
കെട്ടിടം പൊളിക്കുന്നതു കരാര്‍ എടുത്ത ആളിനെയും സഹായികളെയും ഇതുവരെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാകാത്തതില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറയുന്നു. ഇതിനിടയില്‍ വായനശാല പൊളിച്ചത് ബിനാമിപേരിലാണെന്നും ആരോപണമുണ്ട്. മോഷണം പോയത് വലിയ മേശയാണ്. ഇത് കെട്ടിടം പൊളിച്ചാല്‍ മാത്രമെ പുറത്ത് ഇറക്കാന്‍ സാധിക്കൂ. പൊളിച്ച കെട്ടിടത്തിന്റെ ഇഷ്ടികയും മറ്റു സാധനങ്ങളും മിനി ലോറിയില്‍ കയറ്റുക മാത്രമാണ് സിഐടിയു ചുമട്ടുതൊഴിലാളിയായ സജന്‍ ചെയ്തത്. ഇതിനു ശേഷമാണ് മേശ മോഷണം പോയത്.
മേശ മോഷണത്തിനു പിന്നില്‍ പ്രദേശവാസിയായ ഒരു സിപിഎം നേതാവിനു പങ്കുണ്ടെന്നും ആരോപണമുണ്ട്. നിരപരാധിയെ ക്രൂശിക്കാതെ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കേസിന്റെ അന്വേഷണ ചുമതയില്‍ നിന്നും എസ്‌ഐയെ മാറ്റണമെന്നും സജനെ മര്‍ദ്ദിച്ച മുഴുവന്‍ പോലീസുകാര്‍ക്കെതിരെയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും വിവിധ സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.
















