തലശ്ശേരി: കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന-സമാപന പരിപാടികളിലൊന്നും ബിജെപി പ്രതിനിധികളെ ഉള്‍പ്പെടുത്താത്തത് വിവാദമാകുന്നു. തലശ്ശേരിക്കാരനായ എംപി റിച്ചാര്‍ഡ് ഹെയുടെ സാന്നിധ്യംപോലും പ്രോഗ്രാം നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ തലശ്ശേരിക്കാരനല്ലാത്ത മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.കെ.രാഗേഷ്, പി.കരുണാകരന്‍, പി.കെ.ശ്രീമതി എന്നീ എംപിമാരെ സമാപന സമ്മേളനത്തില്‍ യഥാക്രമം സമ്മാദാനം, മുഖ്യപ്രഭാഷണം, വിശിഷ്ടാതിഥി, സുവനീര്‍ പ്രകാശനം എന്നിവക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതുകൂടാതെ തലശ്ശേരി നഗരത്തില്‍ നടക്കുന്ന കലോത്സവത്തില്‍ തലശ്ശേരി നഗരസഭയിലെ ആറ് ബിജെപി കൗണ്‍സിലര്‍മാരില്‍ ഒരാളെ പോലും ഉള്‍പ്പെടുത്തിയില്ല. നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരെയും സ്റ്റാന്റിംഗ് കമ്മറ്റി മെമ്പര്‍മാര്‍ പോലുമല്ലാത്ത കൗണ്‍സിലര്‍മാരെയും ആശംസാ പ്രസംഗകരുടെ ഇടയില്‍ കാണാന്‍ കഴിയും. ബിജെപിയുമായി ബന്ധപ്പെട്ട ഒരാളെ പോലും റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഏഴയലത്ത് പോലും പ്രവേശിപ്പിക്കരുതെന്ന് സിപിഎമ്മിന്റെ രഹസ്യ അജണ്ടയാണ് ഇതിനു പിന്നിലെന്നാണ് ആരോപിക്കപ്പെടുന്നത്.
സംഘാടക സമിതി ചെയര്‍മാനും നഗരസഭാ ചെയര്‍മാനുമായ സി.കെ.രമേശന്റെ രാഷ്‌ട്രീയ ചിന്താഗതിയാണ് ഇത്തരമൊരു ബിജെപി വിരുദ്ധ നീക്കത്തിന് പിന്നിലെന്നാണ് അറിയുന്നത്. യാതൊരു നീതീകരണവുമില്ലാത്ത സിപിഎമ്മിന്റെ ഈ ഗൂഢനീക്കത്തിന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍മാരായ ഡിഡിഇ എം.ബാബുരാജ് കൂട്ടുനിന്നത് അപലപനീയമാണെന്ന കാര്യത്തില്‍ സംശയമില്ല.
പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കലാവാസന പ്രകടിപ്പിക്കാന്‍ ആശങ്കയോടെയും ആവേശത്തോടെയും മത്സരിക്കാന്‍ എത്തിച്ചേരുന്ന പരിപാടികളെ പോലും ഹൈജാക്ക് ചെയ്യാനുള്ള സിപിഎമ്മിന്റെ തരംതാണ പ്രവര്‍ത്തനമാണ് കലോത്സവം നടന്നുവരുന്ന വേദികള്‍ക്കും പുറത്തുമൊക്കെ കാണാന്‍ കഴിയുന്നത്. തലശ്ശേരി പട്ടണം തങ്ങളുടെ വരുതിയിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും കബളിപ്പിക്കുകയാണ് ഇതുവഴി നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്നത്.
















