Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജയിക്കാനായ് ജനിച്ചവള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 01:47 pm IST
in Vicharam

എംജിആര്‍ എന്ന ഇതിഹാസ താരപ്രഭാവത്തോട് അനുബന്ധമായാണ് ജയലളിതയുടെ വളര്‍ച്ചയും ഉയര്‍ച്ചയും; സിനിമയിലും രാഷ്‌ട്രീയത്തിലും ജീവിതത്തിലും.

അഭിനേത്രിയായി കടന്നുവന്നത് ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയുടെ കാലഘട്ടത്തിലാണ്. ഇടത്തരം ചിത്രങ്ങളിലായിരുന്നു ആദ്യപാദം. മാംസളത്വം കാഴ്ചമാത്രയില്‍ ദ്യോതിപ്പിക്കുന്ന അംഗസൗഷ്ഠവം സ്‌ക്രീനില്‍ ആ സാന്നിദ്ധ്യത്തെ പ്രിയങ്കരമാക്കി. എങ്കിലും ഓര്‍മയില്‍ നീറിനില്‍ക്കുന്ന വലിയ കഥാപാത്രങ്ങളൊന്നും ജയയെ തേടി വന്നിരുന്നില്ല. അവയെ മുതിര്‍ന്ന നായകിമാര്‍ കൈയടക്കി പോന്നുമിരുന്നു.

അല്ലാതെതന്നെ ജയലളിത ഷൂട്ടിങ് വേളകളില്‍ ശ്രദ്ധനേടിയത് ഒരിംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ് ടുവിന് പ്രവേശിപ്പിച്ച അവരുടെ പെരുമാറ്റ പ്രകൃതത്തിന്റെ പേരിലാണ്. യൂണിഫോം ധരിച്ചിരുന്നില്ലെന്നത് ഒഴിച്ചാല്‍ വിദ്യാര്‍ത്ഥിനിയുടെ പ്രൗഢിയും പത്രാസ്സും ഭാവിച്ചിരുന്നു. സെറ്റിലെത്തിയാല്‍ വേഷം ധരിച്ചു മെയ്‌ക്കപ്പണിഞ്ഞു മറ്റുള്ളവരോടൊപ്പം കളിതമാശകള്‍ പറഞ്ഞ് കൊഞ്ചിക്കുഴയാന്‍ നില്‍ക്കാതെ, ഒറ്റയ്‌ക്കൊരല്‍പ്പം മാറിയിരുന്ന് കൈയില്‍ കരുതിയിരുന്ന പുസ്തകങ്ങളുടെ വായനയില്‍ ഗൗരവപൂര്‍വം മുഴുകുന്ന ജയലളിതയെ കണ്ടാല്‍ സ്‌കൂളില്‍ നിന്നു ഒരിടനേരം സെറ്റിലെത്തിയതുപോലെ തോന്നുമായിരുന്നു. അതിന്റെ പേരില്‍ ഗര്‍വിഷ്ഠയെന്നും ഡംഭുകാരിയെന്നും ദുഷ്‌പ്പേരുകള്‍ കേള്‍ക്കുകയും ചെയ്തു!

എംജിആറിന്റെ ചിത്രങ്ങളില്‍ എത്തിപ്പെട്ടതോടുകൂടിയാണ് ജയലളിതയുടെ അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലും വലിയ മാറ്റങ്ങള്‍ക്കു വഴിതുറക്കുന്നത്. എംജിആറിനോടു താരതമ്യങ്ങളില്ലാത്ത ആരാധനയുണ്ടായിരുന്ന പ്രേക്ഷക ലക്ഷങ്ങള്‍ ജയലളിതയെ തലൈവരിന്‍ ഇദയക്കനിയായി മനസ്സില്‍ പ്രതിഷ്ഠിച്ചു. ഇണങ്ങിയും കൊഞ്ചി പിണങ്ങിയും നായക കഥാപാത്രത്തോടു ശ്രുതിചേര്‍ന്ന ജയലളിതയുടെ നായികമാര്‍ തമിഴകത്തിന് ലഹരിയായി.

ഇതിനിടയില്‍ ധര്‍മേന്ദ്രയുടെ നായികയായി ഇസ്സത് എന്ന ഹിന്ദി ചിത്രത്തിലും ജയലളിത അഭിനയിച്ചു. എംജിആറിന്റെ ആപ്ത സഹചാരിയായിരുന്ന പി.എ. തോമസ് നിര്‍മിച്ച ജീസസ് ആണ് ജയലളിത പ്രത്യേക്ഷപ്പെട്ട ഏക മലയാള ചിത്രം. സലോമിയായി ഒരു നൃത്തരംഗത്തില്‍ ഒതുങ്ങുന്ന കഥാപാത്രം. ഹെരോദിയ ചക്രവര്‍ത്തിയായി ചിത്രത്തിലഭിനയിച്ചത് ഇന്നസ്സന്റായിരുന്നു.

താന്‍ ആജ്ഞാപിച്ചപ്പോള്‍ തന്റെ വിരല്‍ഞൊടി അനുസരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വരെ നൃത്തം ചവുട്ടിയിട്ടുണ്ടെന്ന് തമാശയ്‌ക്ക് വമ്പു പറയുമായിരുന്നു ഇന്നസ്സന്റ് പലപ്പോഴും. അക്കാര്യത്തില്‍ പക്ഷെ സംവിധായകന്‍ എന്‍.കൃഷ്ണന്‍ നായരുടെ (കവിയും മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറുമായ കെ.ജയകുമാറിന്റെ പിതാവ്) റിക്കാര്‍ഡാണ് മുന്തിയത്. മൂന്ന് മുഖ്യമന്ത്രിമാരാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കൊത്ത് ക്യാമറയുടെ മുന്‍പില്‍ നിറഞ്ഞാടിയത്. എന്‍. ടി. രാമറാവു, എം. ജി. രാമചന്ദ്രന്‍, ജയലളിത!

ജയലളിതയോടൊപ്പം അഭിനയിച്ചു എന്നവകാശപ്പെടാന്‍ ഒരുപക്ഷേ ഇന്നസ്സന്റിന് മാത്രമേ ഇന്ന് മലയാളതാരങ്ങള്‍ക്കിടയില്‍ കഴിയൂ.

എംജിആര്‍ രാഷ്‌ട്രീയത്തില്‍ സജീവമായതോടുകൂടി സിനിമയില്‍ അപൂര്‍വ സാന്നിദ്ധ്യമായി. അതിന്നനുബന്ധമായി ജയലളിതയുടെ താരമേധാ പദവിക്കും വ്യത്യാസം വന്നു. മറ്റു നായകന്മാര്‍ക്കൊപ്പം ചിത്രങ്ങളില്‍ അപ്പോഴും അവര്‍ അഭിനയിച്ചു വന്നിരുന്നുവെങ്കിലും അകാരണമായ ഒരകല്‍ച്ച അവരോട് മറ്റുള്ളവര്‍ക്കും മറ്റുള്ളവരോട് അവര്‍ക്കും തോന്നി. എംജിആര്‍ നായിക എന്ന നിലയില്‍ ലഭിച്ചുപോന്ന അധിക പ്രൗഢിയുടെ മറുവശമാകാമിത്. എംജിആറിന്റെ അഭിനയ ജീവിതത്തിലെ അവസാന പാദത്തില്‍ ലതയടക്കമുള്ള നായികമാര്‍ക്ക് മുന്‍ഗണന ലഭിക്കുവാന്‍ തുടങ്ങിയതും ഇതോടു ചേര്‍ത്തു കാണാം.

ഈ കാലയളവിലാണ് എന്റെ സുഹൃത്ത് ഏലിയാസ് ഈരാളി (കട്ട് കട്ട് ചലച്ചിത്ര കാര്‍ട്ടൂണ്‍ മാസികയുടെ അധിപന്‍) എന്‍. ശങ്കരന്‍ നായരുടെ സംവിധാനത്തിന്‍ കീഴില്‍ ഒരു ചലച്ചിത്ര നിര്‍മാണത്തിനൊരുങ്ങുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു വിഭാവനയില്‍. പലരുടെയും പേരും ചര്‍ച്ചയ്‌ക്ക് വന്നു. മലയാളത്തില്‍ അപ്പോള്‍ തുടര്‍ച്ചയായി അഭിനയിക്കുന്ന ആരും വേണ്ടെന്നായിരുന്നു അവരുടെ തീരുമാനം. ജയലളിതയെ നോക്കരുതോ? എന്നു ഞാന്‍ ചോദിച്ചു.

പിന്നെന്താ എന്നു സംവിധായകനും.

ജയലളിതയ്‌ക്ക് ദൂതുപോയി. എംജിആര്‍ ചിത്രത്തിലെ നായികയുടെ പ്രതിഫലത്തോതു ചോദിക്കുമോ എന്ന ഭീതി ഈരാളിക്കുണ്ടായിരുന്നു. ആ ഭയം വേണ്ട, മലയാളത്തിന്റെ പരിമിതികള്‍ അവര്‍ക്കറിയാമല്ലോ എന്നു സംവിധായകന്‍ ധൈര്യം നല്‍കി. വിശ്രുതമായ ഒരിംഗ്ലീഷ് നോവലിന്റെ ചുവടുപിടിച്ചുള്ളതായിരുന്നു ചിത്രത്തിന്റെ കഥ. ജയലളിത ആ നോവല്‍ വായിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ പിന്നെ കഥാപാത്രത്തിന്റെ വിശേഷം വിസ്തരിക്കേണ്ടി വന്നില്ല. പക്ഷെ എന്നിട്ടും ഷൂട്ടിങ്ങിനായി ഇവര്‍ ഉദ്ദേശിക്കുന്ന ദിവസങ്ങളില്‍ ജയലളിത ഒരു വിദേശ യാത്ര നേരത്തെ കമ്മിറ്റ് ചെയ്തിരുന്നു. ആ കടമ്പയില്‍ത്തട്ടി ജയലളിതയുടെ ആ മലയാള ചലച്ചിത്ര സാധ്യത കൈമോശം വന്നു. പകരം ശങ്കരന്‍ നായര്‍ ഗുല്‍സാര്‍ വഴി ഷര്‍മിള ടാഗോറിനെ ബന്ധപ്പെട്ടു. അവരാണ് ആ വേഷത്തിലഭിനയിച്ചത്. ചിത്രം : ചുവന്ന ചിറകുകള്‍.

ഇന്ദ്രപ്രസ്ഥത്തെ മോഹിപ്പിക്കും വിധം രാജകുമാരിയെപ്പോലെ നിറഞ്ഞാടുവാനുള്ള സ്വാതന്ത്ര്യം ജയലളിതയ്‌ക്ക് എംജിആര്‍ നിര്‍ബാധം നല്‍കിയിരുന്നതുകൊണ്ട് ഏതു വാതിലും അവര്‍ക്കുവേണ്ടി തുറന്നുകിട്ടുമായിരുന്നു. കോണ്‍വന്റ് വിദ്യാഭ്യാസ നാളുകളില്‍ സ്വായത്തമാക്കിയിരുന്ന അനര്‍ഗളമായ ഇംഗ്ലീഷ് വാക്ചാതുരിമൂലം ജയലളിതയ്‌ക്ക് വേണ്ടി വിദേശരാജ്യ സ്ഥാനപതിമാരുമായി വരെ ചങ്ങാത്തമുണ്ടാക്കുവാന്‍ കഴിഞ്ഞു. ദല്‍ഹിയില്‍ അതിനകം ശാക്തിക ചേരിയായി ഉരുത്തിരിഞ്ഞു വന്ന പുതിയ തലമുറയിലെ ഹൈബ്രീഡ് ലോബിയുമായി ജയലളിതയ്‌ക്കുണ്ടാക്കിയെടുക്കുവാന്‍ കഴിഞ്ഞ സൗഹൃദവും ഇവിടെ വരികള്‍ക്കിടയില്‍ വായിച്ചെടുക്കേണ്ടതാണ്. എംജിആര്‍ രോഗബാധിതനായപ്പോഴും ചികിത്സക്കായി വിദേശത്തു പോയപ്പോഴും തിരികെയെത്തി വീണ്ടും ഭരണസാരഥ്യമേറ്റപ്പോഴും പിന്നീട് മരണമടഞ്ഞപ്പോഴുമൊക്കെ സാധാരണഗതിയില്‍ അമ്പേ തകര്‍ന്നുപോകുമായിരുന്ന ജയലളിത മേധാപ്രസക്തി കൈവിട്ടുപോകാതെ അവര്‍ പിടിച്ചുനിന്നത് ഇവ്വിധം നേടിയെടുത്ത പിന്നറിവുകളുടെയും ചങ്ങാത്തങ്ങളുടെയും അവയെ തന്ത്രപൂര്‍വം പ്രയോജനപ്പെടുത്തി കണക്കുകള്‍ കൂട്ടുവാനുള്ള ബുദ്ധികൂര്‍മതയുടെയും പിന്‍ബലത്താലാണ്.

ധിക്കാരിയെന്നും ഏകാധിപത്യ പ്രവണതയുള്ള അധികാരിയെന്നും അഹങ്കാരിയെന്നും ബോധപൂര്‍വം ഒരു ഇമേജ് ജയലളിത ഉണ്ടാക്കിയെടുത്തു. അത് വെറും ഇമേജ് മാത്രമല്ലായിരുന്നു താനും. എതിരാളികളുടെ വീര്യത്തിനും സ്വാസ്ഥ്യത്തിനും അതെന്നും മുറിവുകള്‍ തീര്‍ത്തു. ഒപ്പം അനുയായികളുടെ ഉള്ളില്‍ തങ്ങളും ഏത് നിമിഷവും ഇരയാകാം എന്ന ഭീതിയുമുണര്‍ത്തി. രാഷ്‌ട്രീയ മര്യാദകള്‍ എവ്വിധമെന്ന് താനാണ് നിശ്ചയിക്കുക എന്നവര്‍ ലോകത്തെ ബോധ്യപ്പെടുത്തി. താന്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ തനിക്കൊഴികെ വേദിയില്‍ മറ്റാര്‍ക്കും കസേര നല്‍കാതെ സ്ഥാനാര്‍ത്ഥികളും മന്ത്രിമാരും നേതാക്കളും ഉദ്യോഗസ്ഥരുമടങ്ങുന്നവരെ വേദിയില്‍ യോഗാദ്യാവസാനം നില്‍ക്കാനിട വരുത്തി അവര്‍ പുതിയ മുറകള്‍ തീര്‍ത്തു. ശത്രുപക്ഷത്തുള്ളവര്‍ക്കും കൂടെയുള്ളവര്‍ക്കും എപ്പോഴാണ് അപ്രതിരോധ്യമായ അവരുടെ കോപം തങ്ങളുടെ നേര്‍ക്കു തിരിയുക എന്ന ഭീതി നിത്യമായി നിലനിറുത്തുന്നതില്‍ അവര്‍ വിജയിച്ചു. രായ്‌ക്കുരാമാനം സിംഹാസനങ്ങള്‍ തകര്‍ത്തും പ്രതിഷ്ഠിച്ചും സൃഷ്ടിച്ചെടുത്ത ഭീതി അവരുടെ രാഷ്‌ട്രീയ ശൈലിയായി.

ആരുടെ മുന്‍പിലും അവര്‍ മനസ്സു തുറന്നില്ല, ചെറിയ ഒരനുഭാവം ആരോടെങ്കിലും കാണിച്ചുവെങ്കില്‍ത്തന്നെ. ഉറ്റതോഴിയായി ആഘോഷിക്കപ്പെട്ട ശശികലയും കുടുംബവുമടക്കം അവരെയും ഭീതിമുനത്തുമ്പില്‍ നിറുത്തുന്നതില്‍ വിചിത്രമായ സാഡിസത്തിന്റെ സുഖം അവരനുഭവിച്ചിരുന്നു. ഏതു നിമിഷവും മരണത്തെ നേരിടുവാന്‍ അവര്‍ സന്നദ്ധയായിരുന്നു. ആക്രമണവും വധശ്രമവും അവര്‍ എപ്പോഴും പ്രതീക്ഷിച്ചിരുന്നു. ആ ഭീഷണിയുടെ മുന്‍പില്‍ അക്ഷോഭ്യയായി പുഞ്ചിരിച്ചു നില്‍ക്കുവാനാണവര്‍ ഇഷ്ടപ്പെട്ടത്. അതൊരു നാട്യമായിരുന്നോ അല്ലയോ എന്ന് അവര്‍ക്കൊഴികെ മറ്റാര്‍ക്കും അളന്നറിയുവാന്‍ അവര്‍ അവസരം നല്‍കിയുമില്ല.

കലാകാരിയായ അവര്‍ക്ക് കലാകാരന്മാരോട് ആദരവുമുണ്ടായിരുന്നു. എന്നാല്‍ തന്റെ കഷ്ടനാളുകളില്‍ കലാലോകം തന്നോടെടുത്ത നിലപാട് കയ്‌പ് അവരുടെ നാവിലെന്നും ബാക്കിനിന്നിരുന്നു. അതിന്റെ പകരം വീട്ടിലെന്നോണം ഒരു ധാര്‍ഷ്ട്യം അവരുടെ പൊതുപെരുമാറ്റങ്ങളില്‍ പ്രകടമായി കാണാനുമുണ്ടായിരുന്നു. എന്നിരിക്കിലും സുകുമാരിക്കും ജയറാമിനും പത്മശ്രീ ബഹുമതി ലഭിക്കുന്നതിലിടപെടുവാന്‍ മാത്രം അലിവ്ഏതു പരിഗണനയുടെ പേരിലായാലും അവര്‍ കാണിക്കുകയും ചെയ്തു.

ആരോടെല്ലാമോ, എന്തിനോടെല്ലാമോ ഉള്ള പ്രതികാരം ഉള്ളില്‍ വിങ്ങിനിന്നിരുന്നു എന്ന വിധമായിരുന്നു അവരുടെ പെരുമാറ്റ പ്രകൃതം പലപ്പോഴും. എങ്കിലും ഏകാന്തതയില്‍ അവര്‍ ദുഃഖിതയായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. എല്ലാം നേടിയെങ്കിലും സ്വന്തമെന്ന് പറയുവാന്‍ എന്തുണ്ട് എന്ന ചോദ്യം, അതിന്റെ ഉത്തരം ഉണര്‍ത്തിയിരിക്കാവുന്ന അകനീറ്റല്‍, നിരര്‍ത്ഥകതയുടെ വിറങ്ങലിപ്പ് അവരന്നുഭവിക്കാതിരുന്നിരിക്കുമോ?

ആര്‍ഭാടങ്ങളില്‍ അതിരുകവിഞ്ഞഭിരമിച്ചിരുന്ന ജയലളിതയെയാണ് ലോകത്തിന് പരിചയം. ദശലക്ഷങ്ങള്‍ വിലവരുമായിരുന്നു അവരുപയോഗിച്ചിരുന്ന പാദരക്ഷകളുടെ കൂട്ടത്തിന് മാത്രം. സാരികളുടെയും ആഭരണങ്ങളുടെയും വാഹനങ്ങളുടെയും ധാരാളിത്ത പൊലിമ വേറെയും!

വിജയത്തേക്കാളധികമായി മറ്റൊന്നും വിജയിക്കുന്നില്ലെന്ന് ജീവിതംകൊണ്ടു പുറംലോകത്തിന് സാക്ഷ്യപ്പെടുത്തിയതിനിടയിലും വിജയത്തേക്കാളധികമായി മറ്റൊന്നും തോല്‍ക്കുന്നില്ലെന്ന പരമമായ സത്യം ബാക്കി നില്‍ക്കുന്നു. അതവര്‍ ബോധപൂര്‍വം കാണാതിരിക്കുവാന്‍ ശ്രമിക്കുകയായിരുന്നില്ലേ എന്ന ചോദ്യം കാലമുതിര്‍ക്കുന്നു. ചുണ്ടിലൂറിയ ചിരിയുമായി ആ ചോദ്യത്തിനു നേരെ നില്‍ക്കുമ്പോള്‍ അവരുടെ ആത്മമന്ത്രണം കാറ്റിലൂടൊഴുകിവരുന്നത് കേള്‍ക്കാം; എന്റെ ശക്തി മാത്രമല്ല, വീഴ്ചയും ബലഹീനതയും കുറവും മറ്റാരേക്കാളും നന്നായി എനിക്കറിയാമായിരുന്നു!

സമയതീരത്തിനപ്പുറത്തിരുന്നു ഇക്കരെ പിന്നിട്ട് സ്വന്തം ജീവിതത്തിന്റെ നാള്‍വഴി പുസ്തകം സ്വര്‍ഗ്ഗനരകങ്ങളുടെ ഏറ്റ വിസ്താരങ്ങള്‍ കാതോര്‍ക്കാതെ നിവര്‍ത്തി അവയിലെ സമസ്ത അന്തഃക്ഷോഭങ്ങളും ഉള്‍ച്ചുഴികളും വിസ്‌ഫോടനങ്ങളും ഉടഞ്ഞ കിനാച്ചീളുകളും അവ തീര്‍ത്ത ചോരപ്പാടുകളും ഒരേ ആത്മാവില്‍ അനുഭവകാലത്തെ അതേ വേവുചൂടോടെ അയവിറക്കി ഒറ്റവീര്‍പ്പില്‍ പുനര്‍വായിക്കുവാന്‍ തത്രപ്പെടുന്ന ജയലളിതയെ ഞാന്‍ സങ്കല്‍പത്തില്‍ കാണുന്നു. നിരാശപ്പെടുവാന്‍ വിസമ്മതിച്ച ഒരു ജന്മത്തിന്റെ പിന്നാമ്പുറത്തിരുന്നു സ്വയം വിധിക്കുന്ന തലൈവി ഇദയക്കനിക്ക് ഇപ്പോഴും ആദ്യകാല ലൊക്കേഷനുകളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പ്രകൃതം. മട്ടുമാറാത്ത അതേ ചുറുചുറുപ്പും പ്രസരിപ്പും!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.