Categories: Idukki

ശബരിമല സീസണ്‍; കുരുക്കിലമര്‍ന്ന് വണ്ടിപ്പെരിയാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പീരുമേട്: ശബരിമല സീസണ്‍ തുടങ്ങി നാളുകള്‍ കഴിഞ്ഞിട്ടും വണ്ടിപ്പെരിയാര്‍ ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമായില്ല. കൊല്ലം-തേനി ദേശീയപാതയില്‍ ബസ് സ്റ്റാന്റ് മുതല്‍ പെട്രോള്‍ പമ്പ് വരെയുള്ള ഭാഗങ്ങളിലാണ് മണിക്കൂറുകളോളം വാഹനങ്ങള്‍ കുരുങ്ങി കിടക്കുന്നത്. ഇത്തരത്തില്‍ ആമ്പുലന്‍സുകളടക്കമുള്ളവയും കുടിങ്ങി പോകുന്നുണ്ട്. കര്‍ണ്ണാടക, ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നൂറ് കണക്കിന് അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ എത്തുന്നതോടെ വണ്ടിപ്പെരിയാര്‍ അക്ഷരാര്‍ത്ഥത്തില്‍ ദുരിതത്തിലാകുകയാണ്. ഇവയെ ഉള്‍ക്കൊള്ളുന്നതിനുള്ള ആവശ്യമായ സൗകര്യങ്ങളോ വീതി കൂടിയ റോഡോ ഇല്ലാത്തതാണ് കുരിക്കിന് കാരണം.

ശബരിമല സീസണ്‍ തുടങ്ങിയതോടെ അന്യസംസ്ഥാനത്ത് നിന്നും വരുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങളും തേക്കടിയില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളും ടൗണില്‍ എത്തുന്നതോടെ ഗതാഗതക്കുരുക്കിന്റെ ദൈര്‍ഘ്യം കൂടുന്നു. ടൗണിന്റെ ഇരുവശങ്ങളിലുമുള്ള വഴിവാണിഭവും ഓടയുടെ

മുകള്‍ ഭാഗം വ്യാപാരികള്‍ കയ്യേറിയതും അശാസ്ത്രിയമായ രീതിയില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗതകുരുക്കിന് കാരണമാവുന്നുണ്ട്. ഇക്കാരണത്താല്‍ കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടിലാകുന്നു. ബസുകള്‍ ബസ് സ്റ്റാന്റില്‍ പേരിന് മാത്രമേ കയറുന്നുള്ളു. യാത്രക്കാര്‍ക്ക് വേണ്ടി ബസുകള്‍ അധികസമയവും പാര്‍ക്ക് ചെയ്യുന്നത് ടൗണിലാണ്. ഇവിടുത്തെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കി ബസ് സ്റ്റാന്റിലേക്ക് ബസുകള്‍ മാറ്റുന്ന തീരുമാനവും അട്ടിമറിക്കപ്പെട്ടു. നിലവില്‍ ഉപയോഗിക്കുന്ന പാലത്തിന് വീതി കുറവായതും യാത്രക്കാരെ വലയ്‌ക്കുന്നുണ്ട്.