Categories: Samskriti

സ്വാമി നിര്‍മ്മലാനന്ദന്റെ അമൃത വചനങ്ങള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഭക്തിയുടെ ശരിയായ സ്വരൂപം പ്രേമമാണ്. ഈ പ്രേമം മനുഷ്യന് സ്വതസിദ്ധമാണ്. എന്നാല്‍ സാധാരണ മനുഷ്യര്‍ സ്വതസിദ്ധമായ ഈ പ്രേമത്തെ ദുരുപയോഗപ്പെടുത്തുന്നു. ലൗകിക വിഷയങ്ങളെ ഈ പ്രേമത്തിന് ലക്ഷ്യമാക്കുമ്പോള്‍ അത് കാമമായും ബന്ധമായും തന്നിമിത്തം ദുഃഖമായും പരിണമിക്കുന്നു. ആ വിധത്തില്‍ അത് ഏവര്‍ക്കും അനുഭവപ്പെടുകയും ചെയ്യുന്നു. ഈ പ്രേമത്തിന് തന്നെ ഈശ്വരന്‍ ലക്ഷ്യമായി ഭവിക്കുമ്പോള്‍ അതിന് ഭക്തി എന്നു പേര് പറയുന്നു. അപ്പോള്‍ അതിന്റെ ഫലം നിത്യാനന്ദമായി ഭവിക്കുന്നു.

സാധാരണ മനുഷ്യന്റെ ബുദ്ധിക്കും അതീതനാണല്ലോ ഈശ്വരന്‍. അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മനുഷ്യന് നിര്‍ണ്ണയിക്കാന്‍ സാധ്യമല്ല. അതുകൊണ്ടാണ് ഈശ്വരകൃപ അനിശ്ചിതമെന്ന് പറയുന്നത്.

ബാഹ്യത്തില്‍ ഒരേ രീതിയിലുള്ള കര്‍മ്മമായിരിക്കും. അതു ചെയ്യുമ്പോഴുള്ള മനഃസ്ഥിതിയും മറ്റും അനുസരിച്ച് അതിന്റെ ഫലപരിപാകത്തില്‍ വ്യത്യാസം വന്നേക്കും.

ജപവും ധ്യാനവും വളരെ സഹായകം തന്നെ. പക്ഷേ, സ്വഭാവരൂപവല്‍ക്കരണത്തിലാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. യന്ത്രതുല്യമായി വെറുതെ ജപിച്ചതുകൊണ്ട് മാത്രമായില്ല.

ഉണര്‍ന്നു പ്രയത്‌നിക്കുക. വേണ്ടതൊക്കെ വേണ്ടപ്പോള്‍ വന്നുചേര്‍ന്നുകൊള്ളും.

നാം ചെയ്യേണ്ടതു ചെയ്താല്‍ ഫലത്തെപ്പറ്റി വിചാരപ്പെടേണ്ടതില്ല.

ശരിയായ സാധന തുടര്‍ന്നു പോകുമ്പോള്‍ മനഃശ്ശാന്തി, സന്തോഷം, ഉത്സാഹം മുതലായ പലേ ഗുണങ്ങള്‍ ഒരാളിന് അധികമധികം പ്രകാശിച്ചു തുടങ്ങും. മാര്‍ഗ്ഗം ശരിയാണെന്നും അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്നും ഈ വക ലക്ഷണങ്ങള്‍ കൊണ്ട് മനസ്സിലാക്കാം.

തുളസി ദാസന്‍ ഒരിടത്തു പറയുന്നു: നാളെ ചെയ്യണമെന്നുള്ളത് ഇന്ന് ചെയ്യുക: ഇന്നു ചെയ്യണമെന്നുള്ളത് ഇപ്പോള്‍ തന്നെ ചെയ്യുക എന്ന്. അജാഗ്രതയെ അടുപ്പിച്ചു കൂടെന്നാണ് ഇതിന്റെ ആന്തരാര്‍ത്ഥം.ഉള്ള സമയം പാഴാക്കാനുള്ളതല്ല. ഈ ജീവിതം നല്ലപോലെ വിനിയോഗിക്കുകയാണ് നമ്മുടെ അടിയന്തര കര്‍ത്തവ്യം.

നമ്മുടെ മതം ഗീതാമതമാണ്. പേടിച്ചോടി മതമല്ല.

Recent Posts