ചങ്ങനാശ്ശേരി ചെറുകരെ അഡ്വക്കേറ്റ് സി.എം. അഗസ്റ്റിന്റെ മകളായിരുന്നു ജോസഫ് ചെറിയാന്റെ ഭാര്യ ബേബി. ജോസഫ് ചെറിയാന്റെ മകള്‍ അച്ചാമ്മയെ 1945 ല്‍ കാഞ്ഞിരപ്പള്ളി കരിപ്പാ പറമ്പില്‍ ജോസഫ് കുഞ്ഞു വിവാഹം ചെയ്തിരുന്നു. മുന്‍പേ ചെറിയാന് മാസ്റ്ററുടെ നാടകങ്ങളില്‍ അഭിനയിച്ചു പരിചയമുണ്ടായിരുന്നതുകൊണ്ട് ‘നിര്‍മല’യില്‍ ഒരു വേഷം അഭിനയിക്കുവാന്‍ അച്ചാമ്മയ്ക്കു ബുദ്ധിമുട്ടുണ്ടായില്ല. എന്നാല്‍ ബേബിയ്ക്ക് അങ്ങനെയൊരു മുന്‍പരിചയമില്ല.
ഭര്‍തൃഗൃഹത്തിലെ രീതി വഴക്കങ്ങളില്‍ കുടുംബത്തിലെ സ്ത്രീകള്‍ നാടകത്തിലും സിനിമയിലും അഭിനയിക്കുന്നതില്‍ പാകക്കേടൊന്നുമില്ല. ബേബി പക്ഷെ, അതിനകം രണ്ടുകുട്ടികളുടെ അമ്മയായിരുന്നു. മൂന്നാമത്തെ കുഞ്ഞ് ഗര്‍ഭാവസ്ഥയിലും. കുടുംബം വലിയ ആവേശത്തോടെ നിര്മിക്കുവാനൊരുങ്ങുന്ന സിനിമയില്‍ നായികാവേഷം അഭിനയിക്കുവാന്‍ പറ്റിയ ആളില്ലാതെ സ്തംഭനാവസ്ഥയിലെത്തുമ്പോഴാണ് സംവിധായകന് നിര്മലയാകുവാന് ബേബി മതിയെന്ന് വിധിക്കുന്നത്. താന്‍ മടിച്ചു പിന്മാറിയാല് ചിലപ്പോള്‍ ചിത്ര നിര്‍മാണം തന്നെ മുടങ്ങാം. ബേബി സമാധാനിച്ചു, നായകനായഭിനയിക്കുന്നത് സ്വന്തം ഭര്‍ത്താവാണ്. സമ്മതം മൂളി. അങ്ങനെ കൂടി ‘നിര്‍മല’ പിറന്നപ്പോള്‍ ബേബിയും ജോസഫ് ചെറിയാനും നമ്മുടെ ആദ്യ താരദമ്പതികളായി ചരിത്രത്തില്‍ ഇടംനേടി.
‘മലയാളിയായ ആദ്യത്തെ ചലച്ചിത്ര നിര്‍മാതാവായാണ് പി.ജെ.ചെറിയാനെ ചേലങ്ങാട്ടു ഗോപാലകൃഷ്ണന് അടക്കം പലരും വിശേഷിപ്പിച്ചിട്ടുള്ളത്. സംവിധായകനായ പി.വി.കൃഷ്ണയ്യരെ മലയാളിയായ ആദ്യത്തെ ചലച്ചിത്ര സംവിധായകനെന്ന് ഞാനടക്കം പലരും മുന്‍പേ വിശേഷിപ്പിച്ചിട്ടുണ്ട്. പുനര്‍ചിന്തയില്‍ രണ്ടും ശരിയല്ലെന്ന സത്യം തെളിഞ്ഞു കാണുന്നു. മലയാളക്കരയെ ഇന്നത്തെ കേരളം എന്ന അതിര് വൃത്തത്തില്‍ കാണുമ്പോഴാണ്. വിഗതകുമാരന് നിര്‍മിച്ച ജെ.സി. ദാനിയേലും ‘മാര്‍ത്താണ്ഡവര്‍മ്മ’ നിര്‍മിച്ച അദ്ദേഹത്തിന്റെ ബന്ധുകൂടിയായ സുന്ദര്‍രാജും പ്രഹ്ലാദയുടെ നിര്‍മാതാവായി പ്രതിഷ്ഠിക്കപ്പെട്ട പി. സുബ്രഹ്മണ്യം പിള്ളയും മലയാളികളല്ലാതാകുന്നതും കൊച്ചിക്കാരനായ പി.ജെ. ചെറിയാന് ആ ശ്രേണിയിലെ ആദ്യ മലയാളിയാകുന്നതും പ്രഥമ മലയാളി സംവിധായകന്റെ പദവി ജെ.സി. ദാനിയേലിന് നല്‍കാതെ പി.വി.കൃഷ്ണയ്യരില് ചാര്‍ത്തിയതും.
നാഗര്‍കോവില്‍ പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു എന്നതും പിന്നീട് കേരള സംസ്ഥാനമുണ്ടായപ്പോഴാണ് നാഗര്‍കോവില്‍ തമിഴ്നാടിന്റെ ഭാഗമായതെന്നതും ശ്രദ്ധിക്കാതെ പോയി ചരിത്രപാഠം. ‘ബാലന്’ തുടങ്ങിവച്ച സുന്ദരം പിള്ള ജനിച്ചതും തിരുവനന്തപുരത്താണ്. പിന്നീട് കൊളംബോവിലേക്ക് പോയി. സിനിമാജ്വരവുമായി മദിരാശി വഴി സേലത്തെത്തുകയായിരുന്നു. ചിത്രത്തിന്റെ ആദിപാദത്തില്‍ സുന്ദരംപിള്ളയായിരുന്നു സംവിധായക വേഷത്തിലും.
ചെറിയാന് മാസ്റ്ററുടെ നാടകഗ്രൂപ്പിന്റെ പേര് സന്മാര്ഗ്ഗ പോഷിണി നാടക സമിതി എന്നായിരുന്നു എന്നാണ് ചേലങ്ങാട്ടു എഴുതിക്കാണുന്നത്. മുന്‍പേ പറഞ്ഞതുപോലെ ആദ്യ നാടകഗ്രൂപ്പിന് ചെറിയാന് മാസ്റ്ററുടെ റോയല്‍ സിനിമ & ഡ്രമാറ്റിക് കമ്പനി എന്നും പിന്നീടുണ്ടായ ട്രൂപ്പിന് ‘ഞാറയ്ക്കല്‍ സന്മാര്‍ഗ്ഗവിലാസ നടന സഭ’ എന്നുമായിരുന്നു പേര് നല്‍കിയത്. (എന്റെ കലാജീവിതം: പി.ജെ. ചെറിയാന്: 1964) അതുകഴിഞ്ഞ് അദ്ദേഹത്തിന്റെ മകന് ജോസഫ് ചെറിയാന് ആരംഭിച്ച നാടകഗ്രൂപ്പിന് ‘പി.ജെ. ചെറിയാന് ആന്‍ഡ് പാര്‍ട്ടി സന്മാര്ഗ്ഗ വിലാസ നടനസഭ’ എന്നുമായിരുന്നു പേര്.
അമ്പരപ്പിക്കുന്ന ഒരു പ്രമാദം കൂടി ചേലങ്ങാട്ട് ഗോപാലകൃഷ്ണന് ‘നിര്‍മല’യെക്കുറിച്ച് എഴുതിയ ലേഖനത്തില്‍ കടന്നുകൂടിയിട്ടുണ്ട്. ബേബി ജോസഫ് പി.ജെ. ചെറിയാന്റെ മകളും ജോസഫ് ചെറിയാന്റെ സഹോദരിയുമാണെന്നുള്ളതാണത്.
”….ഈ ഒറ്റ ചിത്രത്തില്‍ മാത്രമേ ബേബി അഭിനയിച്ചിട്ടുള്ളൂ. (അത് വാസ്തവം) പിന്നീട് വിവാഹിതയായി (ജോസഫ് ചെറിയാനുമായുള്ള അവരുടെ വിവാഹം 1943 ലായിരുന്നു) കുടുംബിനിയായി കഴിഞ്ഞു….”
”….ഒരേ കുടുംബത്തിലെ സഹോദരീ സഹോദരന്മാര് ഒരു ചിത്രത്തില്‍ നായകനും നായികയുമായി അഭിനയിച്ചത് ഇന്ത്യന്‍ സിനിമയില്‍ ആദ്യമായിരുന്നു!”
ചേലങ്ങാട്ട് ഇതെഴുതുമ്പോള്‍ ചെറിയാന് മാസ്റ്റര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ എന്നറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ആത്മകഥ, ‘എന്റെ കലാ ജീവിതം’ ലഭ്യമായിരുന്നു. ബേബി ജോസഫ് എറണാകുളത്തു കതൃക്കടവു പള്ളിയുടെ പുറകുവശത്ത് മകന്, പി.ജെ. ചെറിയാന് ജൂനിയറിന്റെ വീട്ടില്‍ താമസിച്ചിരുന്നു. അടുത്തയിടയ്ക്കാണ് അവര്‍ മരിക്കുന്നത്. കണ്‍വെട്ടത്തു പാര്‍ക്കുന്ന അവരെയോ, കൈപ്പാടടുത്തുണ്ടായിരുന്ന ആത്മകഥയെയോ തേടിയുറപ്പുവരുത്താതെ വെറും ഊഹങ്ങളുടെ പേരില്‍ ചേലങ്ങാടിനെപ്പോലെ ചരിത്രാന്വേഷണത്തിനായി ആയുസ്സിന്റെ നല്ല പങ്കു സമര്‍പ്പിച്ച ഒരാള്‍ ഇത്തരം തീര്‍പ്പുകള്‍ എഴുതിയെന്ന അറിവ് തല്രചിത ചരിത്രത്തെ ഭീതിയോടെ നോക്കുവാന്‍ ഇടവരുത്തുന്നു എന്നുമാത്രം പറയട്ടെ!
‘നിര്‍മല’യ്ക്കവലംബമായ ‘നീലസാരി’ എന്ന നോവലെഴുതിയ ജേക്കബ് മൂഞ്ഞപ്പിള്ളിയെക്കുറിച്ച് ചേലങ്ങാട്ട് എഴുതിയിരിക്കുന്നത് ”ഇതിനു മുന്‍പോ ഇതിനുശേഷമോ ഈ പറയുന്ന ജേക്കബ്ബിനെ ആരും കേട്ടിട്ടില്ല; അന്നുവരെ ചെറുകഥയോ നോവലോ അദ്ദേഹം രചിച്ചിരുന്നുമില്ല” എന്നാണ്. ആ നാളുകളില്‍ കുറച്ചൊക്കെ അറിയപ്പെടുന്ന ഗ്രന്ഥകാരനായിരുന്നു ജേക്കബ്ബ്. ഫ്രാന്‍സിസ് അസ്സീസിയുടെ കഥ നോവലായെഴുതിയ ഗ്രന്ഥമാണ് ‘കളിമണ്‍ വിളക്ക്.’ ”മലയാളത്തിലെ ആദ്യത്തെ ആദ്ധ്യാത്മിക നോവലെ”ന്നാണ് അവതാരികയില്‍ ഡോ.എം. ലീലാവതി, അതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ജേക്കബിന്റെ ‘പ്രേമത്തിന്റെ പൊലിയാത്ത കഥ’യ്ക്ക് അവതാരിക എഴുതിയത് പുത്തേഴത്ത് രാമന് മേനോനായിരുന്നു.
‘വിഗതകുമാരനും മാര്‍ത്താണ്ഡവര്‍മ്മയും നിശ്ശബ്ദ ചിത്രങ്ങളായിരുന്നു. ശബ്ദചിത്രങ്ങളായ ‘ബാലനി’ ലും പ്രഹ്ലാദയിലും ശബ്ദം തത്സമയം ലേഖനപ്പെടുത്തുകയായിരുന്നു; സംഭാഷണവും ഗാനങ്ങളും ഒരുപോലെ. ഗാനങ്ങള്‍ക്ക് പശ്ചാത്തലസംഗീതം തത്സമയം തന്നെ, ലേഖനപ്പെടുത്തുമ്പോള് ഉപകരണ സംഗീത വാപനം ക്യാമറ മുന്‍പില്‍പ്പെട്ടു ദൃശ്യഭാഗമാകാതിരിക്കുവാന് അന്നുള്ളവര് പെട്ടിരുന്ന പെടാപ്പാടിന്റെ കഥ മുന്‍പേ പറഞ്ഞിരുന്നു. ആ പതിവസാനിപ്പിച്ചു മറ്റു ഭാഷകളില്‍ അതിനകം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞ പ്ലേ ബാക്ക് സംവിധാനം മലയാളത്തില്‍ ആദ്യമായി പരീക്ഷിച്ചത് ‘നിര്‍മല’യിലാണ്. ‘ബാലനി’ലെയും ‘ജ്ഞാനാംബിക’യിലെയും ‘പ്രഹ്ലാദ’യിലെയും ഗാനങ്ങള്‍ അതതു നടീനടന്മാര് തന്നെ ചിത്രീകരണത്തിന്റെ കൂട്ടത്തില്‍ പാടി അഭിനയിക്കേണ്ടിയിരുന്നതുകൊണ്ട് ആ ചിത്രങ്ങളില്‍ ഗായക നടന്മാര്ക്കായിരുന്നുവല്ലോ പ്രസക്തി. ‘നിര്‍മല’ തൊട്ടാണ് ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നത്.
ഗാനങ്ങള്‍ വേറെ പ്രത്യേകം റിക്കാര്‍ഡ് ചെയ്യുകയും ചിത്രീകരണവേളയില്‍ അതു പിന്നില്‍നിന്ന് കേള്‍ക്കുന്നതിനനുസരിച്ച് ചുണ്ടനക്കി മെയ്യാംഗ്യങ്ങളിലൂടെ നടീനടന്മാര് പാടിയഭിനയിക്കുകയും ചെയ്യുന്ന പ്ലേബാക് സംവിധാനം നിലവില്‍ വന്നു. സംഭാഷണങ്ങള്‍ സ്റ്റുഡിയോ ചിത്രീകരണവേളയില്‍ അപ്പോഴും തത്സമയം റിക്കാര്‍ഡ് ചെയ്തുപോന്നു. അന്യഭാഷാ നടീനടന്മാര് അഭിനയിക്കുമ്പോള്‍ അവരുടെ മലയാള ഉച്ചാരണം ശരിയല്ലാത്തതുമൂലം സംഭാഷണം മറ്റൊരാള്‍ പറഞ്ഞു റിക്കാര്‍ഡ് ചെയ്യേണ്ട ആവശ്യം വന്നു. ഡബ്ബിംഗ് പ്രക്രിയ ആരംഭിക്കുന്നത് അങ്ങനെയാണ്.
ആരിഫ്ളക്സ് ക്യാമറ വ്യാപകമായപ്പോള്‍ അതിന്റെ സാങ്കേതികത ഉയര്‍ത്തിയ ശബ്ദപ്രശ്നങ്ങള്‍ മൂലം ചിത്രീകരണവേളകളില്‍ തത്സമയ റിക്കാര്‍ഡിങ്ങിന് ഭംഗം വന്നു. സംവിധായകന് ശ്രീധറിന്റെ ‘ചിത്രാലയ’ ഔട്ട് ഡോര്‍ യൂണിറ്റിലെ ശബ്ദ സാങ്കേതിക വിദഗ്ദ്ധനായ മുകുന്ദന് അതിന് തന്റേതായ പ്രതിവിധികള്‍ സ്വന്തം പരീക്ഷണഫലമായി കണ്ടെത്തിയതോടെ ആ യൂണിറ്റിന് തിരക്കേറിയ കഥയും ‘കരകാണാക്കടലി’ ന്റെ ചിത്രീകരണവേളയില്‍ ആ യൂണിറ്റുണ്ടായിരുന്നതുകൊണ്ട് സത്യന്റെ പ്രധാനപ്പെട്ട സംഭാഷണങ്ങളത്രയും ഒറിജിനലായി അഭിനയവേളയിലെ ഭാവപ്രകാശനത്തിന്റെ അളവു കൃത്യതകളോടെ ചിത്രത്തില്‍ ഉപയോഗിക്കുവാന്‍ കഴിഞ്ഞതുമായ വൃത്താന്തവും കെ.എസ്. സേതുമാധവന് പറയുമായിരുന്നു. (കരകാണാക്കടല്‍, ഇന്‍ക്വിലാബ് സിന്ദാബാദ്, അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങിയവ സത്യന്റെ അവസാന ചിത്രങ്ങളായിരുന്നു. മൂന്നും സംവിധാനം ചെയ്തത് സേതുമാധവനും).
ചിത്രീകരണ വേഗതയ്ക്കും നടീനടന്മാരുടെ സൗകര്യത്തിനും വേണ്ടി മലയാളി നടീനടന്മാരും ഡബ്ബിംഗിനോട് പ്രിയം കാണിക്കുവാന്‍ തുടങ്ങുന്നത് പിന്നീടാണ്. അതോടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളായി പ്രൊഫഷണലുകള്‍ ഉണ്ടായി. അതൊരു പുതിയ ഉപവിഭാഗമായി. ക്യാമറയുടെ മുന്പില് നടീനടന്മാര് നടത്തുന്ന അഭിനയം അര്‍ത്ഥപൂര്‍ണത നേടുന്നത് ഡബ്ബിംഗ് വേളയില്‍ ഇട ചേര്‍ക്കുന്ന ശബ്ദാഭിനയത്തിന്റെ പിന്‍ബലത്തോടെയാണ് എന്ന സ്ഥിതിയുമുണ്ടായി.
ടി.ആര്. ഓമനയുടെ ശബ്ദമാണ് ശാരദയുടെ ഭാവാഭിനയത്തോടു ചേര്‍ത്തു നമുക്ക് പരിചിതം. അതു മാറ്റി ഒരു പരീക്ഷണം ‘ത്രിവേണി’ എന്ന ചിത്രത്തില്‍ നടന്നു.
ലളിത ഭരതനാണ് ആ ചിത്രത്തില്‍ ശാരദയ്ക്ക് ശബ്ദം നല്‍കിയത്. ഓമനയുടെ ശബ്ദം കേട്ടു ശീലിച്ച പ്രേക്ഷകനും അത് സ്വാഗതാര്‍ഹമായി തോന്നിയില്ല. തനിക്കും അത് പ്രിയങ്കരമായനുഭവപ്പെട്ടില്ല; ഒരു ചേര്‍ച്ചക്കുറവ് അതില്‍ കനം തൂങ്ങിയിരുന്നു എന്ന് ശാരദ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.അഭിനയത്തെ മുഖാഭിനയം, ശബ്ദാഭിനയം എന്നു രണ്ടായി പങ്കിട്ടു രണ്ടുതവണയായി ഇടചേര്‍ക്കുന്ന ഒരു സംവിധാനം ഉയര്‍ന്നുവരുവാനും ഈ സാങ്കേതികത നിമിത്തമായി. അഭിനയവേളയിലെ ഏകാഗ്രതയെ ഇങ്ങനെ പകുത്തു നിവേശിക്കുന്നതില് സ്വാസ്ഥ്യം രമിക്കുന്ന നടീനടന്മാര് ഇതവലംബിച്ചു പോരുന്നു. ഒരു മാതൃകയ്ക്കു അഭിനയ വേളയില്‍ ഉച്ചരിക്കുന്ന സംഭാഷണം തത്സമയം ഒരു പൈലറ്റ് ട്രാക്കായി റിക്കാര്‍ഡ് ചെയ്തു. അത് കേട്ടുകൊണ്ട് പിന്നീട് ഡബ്ബ് ചെയ്യുന്ന രീതി ഇതിന്റെ അനുബന്ധ തുടര്‍ച്ചയാണ്. അതാണിന്ന് സാര്‍വത്രികവും.
ഈ രീതി നേരെ മറിച്ചുപയോഗിക്കുന്ന പതിവ് ചില ഉത്തരേന്ത്യന്‍ നടന്മാര്ക്കുണ്ട്. അഭിനയത്തലേന്ന് സഹസംവിധായകന്റെ മേല്‍നോട്ടത്തില്‍ സംഭാഷണ ഭാഗങ്ങളുടെ വൈകാരിക ശ്രുതിയില്‍ നിവേശിച്ചുകൊണ്ട് ഇവര്‍ സംഭാഷണങ്ങള്‍ ആദ്യം റിക്കാര്‍ഡ് ചെയ്യും. പിന്നീട് പിറ്റേന്ന് ക്യാമറയുടെ മുന്പില് അഭിനയിക്കുമ്പോള്‍ ഭാവനിര്ജീവമായ പ്രോപ്റ്റിംഗ് ഒഴിവാക്കി തങ്ങള്‍ റിക്കാര്‍ഡ് ചെയ്ത സംഭാഷണങ്ങള്‍ പ്ലേ ചെയ്യിക്കും. സ്ഥായീഭേദങ്ങളോടെ റിക്കാര്‍ഡ് ചെയ്ത സ്വന്തം ശബ്ദത്തില്‍ സംഭാഷണം കേട്ടുകൊണ്ടഭിനയിക്കുമ്പോള് അഭിനയം കൂടുതല്‍ ഭാവപൂര്ണതവരിക്കുമെന്നാണനുഭവം. പ്രത്യക്ഷാഭിനയത്തിന്റെ തികവിനൊപ്പം അഭിനയത്തലേന്നത്തെ സംഭാഷണ ലേഖനം കൃത്യമായില്ല എന്നു തോന്നിയാല്‍ പൈലറ്റ് ട്രാക്കിനു പകരം സ്വന്തം ശബ്ദം കേട്ടുകൊണ്ട് പുനര്‍ ഡബ്ബ് ചെയ്തു കൃത്യത തികയ്ക്കും.
ഇപ്പോള്‍ പിന്നെ, ഡിജിറ്റല്‍ യുഗത്തിനു വഴിമാറിയതോടെ ശബ്ദ സാങ്കേതികതയിലും തല്‍സമയ ലേഖനത്തിലും അതിനോടനുപാതപ്പെട്ടു മാറ്റങ്ങള്‍ കടന്നുവന്നത് വര്‍ത്തമാനകാല ശബ്ദനിവേശ വിശേഷം.
‘നിര്‍മല’യിലെ ഒരു ഗാനം പാടിക്കൊണ്ട് ഗോവിന്ദറാവു മലയാളത്തിലെ ആദ്യത്തെ പിന്നണിഗായകനായി. ഗോവിന്ദറാവുവിനെ ‘നിര്‍മല’യുടെ അറുപതാം വര്‍ഷ ജൂബിലി കൊച്ചിയില്‍ ആഘോഷിച്ചപ്പോള്‍ ക്ഷണിച്ചുവരുത്തി ആദരിച്ചിരുന്നു. ആകാശവാണിയില്‍ ആര്‍ട്ടിസ്റ്റായി ചേര്‍ന്നശേഷം പിന്നീടദ്ദേഹം പിന്നണിഗാനരംഗത്തു തുടര്‍ന്നില്ല.
തൃപ്പൂണിത്തുറ സ്വദേശിനിയായ സി. സരോജിനിയാണ് ചിത്രത്തിലെ മറ്റൊരു ഗാനം പാടിയത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ അതിനകം പിന്നണി ഗാനരംഗത്ത് കടന്നുവന്നു കഴിഞ്ഞിരുന്ന പി. ലീലയും ‘നിര്‍മല’യ്ക്കുവേണ്ടി പാടിയിരുന്നു.
ചിത്രത്തിലെ ”കരുണാകര, പീതാംബരാ….” എന്ന ഗാനം ഏറെ ജനപ്രീതി നേടിയതായാണ് അക്കാലത്തെ സംഗീതപ്രിയരുടെ സാക്ഷ്യം.
‘ബാലനി’ ലും അല്ലാതെയും നിരവധി ചിത്രങ്ങളിലും പ്രവര്‍ത്തിച്ച അനുഭവ പരിചയവുമായാണ് പി.വി. കൃഷ്ണയ്യര്‍ ‘നിര്‍മല’യുടെ സംവിധാന ചുമതല ഏറ്റത്. അണിയറയില്‍ പരമാവധി മലയാളികള്‍ അണിനിരക്കണം എന്നത് ചെറിയാന് മാസ്റ്ററുടെ താല്പര്യവുമായിരുന്നു. ചലച്ചിത്ര ഭാഷയുടെ അന്നു നിലവിലിരുന്ന വ്യാകരണ ചിട്ടയോടു ‘നിര്‍മല’യുടെ സാങ്കേതിക വശം ഒത്തുചേര്‍ക്കാന്‍ കൃഷ്ണയ്യര്‍ ശ്രദ്ധിച്ചു. ‘ബാലന്’ കഴിഞ്ഞ് ഒരു പതിറ്റാണ്ടുകൂടി കഴിഞ്ഞാണ് നിര്‍മല വരുന്നത്. ആ ഒരു ദശകത്തിനുള്ളില്‍ സിനിമ എത്തിപ്പിടിച്ച സാങ്കേതിക വളര്‍ച്ചയെക്കുറിച്ച് ബഹുഭാഷാ ചിത്രങ്ങളില്‍ വ്യാപൃതനായിരുന്ന കൃഷ്ണയ്യര്‍ക്ക് കൂടുതല്‍ അവഗാഹവുമുണ്ടായിരുന്നു.
കെ ആന്‍ഡ് കെ. പ്രൊഡക്ഷന്‍സിനുവേണ്ടി ‘നല്ല തങ്ക’ എന്ന ചിത്രമൊരുക്കിയതും പി.വി. കൃഷ്ണയ്യരാണ്. ആ ചിത്രം വന്‍ വിജയവുമായിരുന്നു.
കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ അഭ്യര്‍ത്ഥനപ്രകാരം പി.വി. കൃഷ്ണയ്യര്‍ എഴുതി നല്കിയ ഒരു ജീവചരിത്രരേഖ ഇക്കൂട്ടത്തില്‍ അനുബന്ധമായി ചേര്‍ക്കുന്നു. പി. വി.കൃഷ്ണയ്യരുടെ കഥ മാത്രമല്ല, ആ കാലഘട്ടത്തിലെ ചലച്ചിത്ര പരിഛേദത്തിന്റെ ഒരു ചിത്രംകൂടി ഇതില്‍നിന്ന് കണ്ടെടുക്കാനാകും.
(അടുത്ത ലക്കത്തില്‍ കൃഷ്ണയ്യര്‍ സ്വന്തം കഥ പറയുന്നു…)
പ്രതികരിക്കാൻ ഇവിടെ എഴുതുക: