ശാന്തമ്പാറ: മൂന്നാര്‍ കേറ്ററിങ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിനിരയാക്കിയ സംഭവത്തില്‍ 11 പേര് പിടിയില്‍.
കോളേജിലെ തന്നെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് ശാന്തമ്പാറ എസ്ഐ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ടോടെ പിടികൂടിയത്. അക്രമ സംഭവത്തില്‍ ഏഴ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ കോളേജ് വിട്ടു. വിവിധ ജില്ലകളില്‍ നിന്ന് വന്ന് ഇവിടെ താമസിച്ച് പഠിക്കുന്നവര്‍ക്കാണ് പരിക്കേറ്റത്. ജോണ്‍ മാത്യു ആലപ്പുഴ, മിറാജ് മാത്യു എറണാകുളം, അച്ചു ബാബു പത്തനംതിട്ട, അക്ഷയ് കൃഷ്ണ എറണാകുളം, റോഷന് സിബി കണ്ണൂര്‍, ടിജോ ജോണി കോതമംഗലം എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ അസഭ്യം പറയുകയും കളിയാക്കുകയും ചെയ്തതാണ് സംഭവത്തിന്റെ തുടക്കം. ഇത് ചോദ്യം ചെയ്തതില്‍ പ്രകോപിതരായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു.
പ്രശ്നം സാവധാനത്തില്‍ പരിഹരിക്കാമെന്ന് കോളേജ് അധികൃതര്‍ ചൊവ്വാഴ്ച ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രശ്നം തല്ക്കാലം അടങ്ങി. എന്നാല്‍ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ കമ്പി, കത്തി തുടങ്ങിയ മാരകായുധങ്ങളുമായി വന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചു എന്നും ഇവര്‍ പറയുന്നു.
പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ശാന്തമ്പാറ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇതേ തുടര്‍ന്നാണ് അറസ്റ്റ്. റാഗിങ്ങിലും തുടര്‍ന്ന് നടന്ന അക്രമണത്തിലുമായി രണ്ട് കേസാണ് പോലീസ് എടുത്തിരിക്കുന്നത്. പരിക്കേറ്റവര്‍ കുരുവിള സിറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരിക്കുകയാണ്.
അതേ സമയം സംഭവം കോളേജ് അധികൃതര്‍ മറച്ച് വയ്ക്കാന്‍ ശ്രമിച്ചതായും ആരോപണമുയരുന്നുണ്ട്. അക്രമം നടത്താന്‍ വേണ്ട സൗകര്യം ഒരുക്കുന്നതിനായി സിസിടിവിക
ളും ക്യാമ്പസിലെ ലൈറ്റുകളും ഓഫ് ചെയ്തതായും പരാതിക്കാര്‍ ആരോപിക്കുന്നു. ഇരു കേസുകളിലും പ്രതികളായ രണ്ട് പേര് മാത്രമാണ് ഇന്നലെ പിടിയിലായത്. മറ്റ് പ്രതികളെയും തെരഞ്ഞ് വരികയാണ്. പിടിയിലായ 11 പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ അന്വേഷണം നടന്ന് വരികയാണെന്നും എസ്ഐ പറഞ്ഞു.
















