ന്യൂദല്‍ഹി: കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനുള്ള മോദിയുടെ ധീരമായ നടപടിയാണ് നോട്ട് റദ്ദാക്കിയ തീരുമാനമെന്ന് സമാജ്‌വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ സിംഗ്. അഴിമതി തുടച്ചുനീക്കാന്‍ ശക്തമായ തീരുമാനമെടുക്കുന്ന പ്രധാനമന്ത്രിയെ ലഭിച്ചതില്‍ അഭിമാനിക്കുന്നു.
തീരുമാനം പെട്ടെന്ന് നടപ്പാക്കിയത് കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കം തടഞ്ഞു. വിഷയത്തില്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിനെതിരെ രംഗത്തുള്ളപ്പോഴാണ് രാജ്യസഭാംഗം കൂടിയായ അമര്‍ സിംഗ് മോദിയെ പുകഴ്‌ത്തിയത്.
”ഞാന്‍ ബിജെപിയുടെ വക്താവല്ല. എസ്പിയുടെ രാജ്യസഭാംഗമാണ്. പാര്‍ട്ടിയുടെ നിലപാട് എന്തായാലും എന്റെ വ്യക്തിപരമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്”. സിംഗ് വ്യക്തമാക്കി. കള്ളപ്പണക്കാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണിപ്പോള്‍. കള്ളപ്പണക്കാരെ പ്രധാനമന്ത്രി ശിക്ഷിച്ചുവെന്ന് ബാങ്കുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുന്നവര്‍ പറയുന്നു.
പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം കുറക്കാന്‍ നടപടി കാരണമാകും. പണക്കാര്‍ നികുതി നല്‍കാന്‍ തുടങ്ങി. ജനങ്ങളുടെ ദുരിതമകറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി സിംഗ് വിമര്‍ശിച്ചു.
















