ഹരിനാമകീര്‍ത്തനം അറിയാത്ത ഹിന്ദുക്കള്‍ ഒരുകാലത്ത് കേരളക്കരയില്‍ ഇല്ലായിരുന്നു. സംഗീതജ്ഞയായിരുന്ന പി. ലീലയുടെ ശബ്ദത്തിലൂടെ ആ കീര്‍ത്തനം നാടെങ്ങുമുള്ള ക്ഷേത്രങ്ങളില്‍ നിന്നു ചക്രവാളങ്ങളെ തട്ടി പ്രതിധ്വനിച്ച് പ്രഭാതങ്ങളെ തട്ടിയുണര്‍ത്തുമായിരുന്നു. എഴുത്തച്ഛന്റേതെന്ന് വിശ്വസിച്ചുപോരുന്ന ഈ കീര്‍ത്തനത്തിലെ ‘ഔദുംബരത്തില്‍’ എന്ന വാക്കിനെ സംബന്ധിച്ചുള്ള വിശകലനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഹരിനാമകീര്‍ത്തനത്തിന് മലയാളത്തില്‍ അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ഏതെങ്കിലും വ്യാഖ്യാനം ഈ വഴിക്ക് ചിന്തിച്ചിട്ടുള്ളതായി കണ്ടിട്ടില്ല. ആ കീര്‍ത്തനം:
ഔദുംബരത്തില്‍ മശകത്തിനു
തോന്നുമിതിന്‍-
മീതേ കദാപി സുഖമില്ലെന്നിതപ്പരിചു
ചേതോവിമോഹിനി മയയ്‌ക്കായ്‌ക
മായ തവ
ദേഹോഹമെന്നിവയില്‍
നാരായണായ നമഃ
ഔദുംബരം എന്നാല്‍ ഉദംബരവൃക്ഷത്തില്‍ നിന്നുള്ളത്. ഉദംബരവൃക്ഷം അത്തിമരമാണ്. ഔദുംബരത്തിന് വ്യാഖ്യാതാക്കള്‍ പലരും അത്തിക്കായ് എന്നാണ് പറയുന്നത്. ഔദുംബരമെന്നാല്‍ ഉദംബരവൃക്ഷത്തിന്റെ ഭാഗമായിട്ടുള്ളത് എന്തുമാകാം. അതിന്റെ ഫലം തന്നെയാകണമെന്നില്ല. അത്തിക്കായയില്‍, (അത് പഴമായിത്തീര്‍ന്നപ്പോളാകാം) ഇരിക്കുന്ന മശക-കൃമി-ത്തിന് ഇതില്‍പ്പരം സുഖം മറ്റെങ്ങുമില്ലെന്ന് തോന്നുന്നു. ഏതോ കൃമിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമാണ് അത്തിപ്പഴമെന്ന് വിചാരിക്കണം. ആ കൃമിക്ക് അതില്‍ ഇരിക്കുന്നതില്‍പരം സുഖം മറ്റെങ്ങുമില്ലാ എന്ന തോന്നല്‍ പോലെയുള്ള തോന്നലോടെ മനുഷ്യര്‍ നടക്കുന്നു എന്ന ധ്വനിയാണ് പരമപ്രധാനം.
ഔദുംബരം അത്തിപ്പഴം തന്നെയോ? വാക്കുകളുടെ അര്‍ത്ഥവും ധ്വനിയും പലവഴിക്ക് തിരിയാം. ഇവിടെ ഔദുംബരം എന്ന വാക്ക് കവി പ്രയോഗിച്ചത് മറ്റൊരര്‍ത്ഥത്തിലുമാകാമല്ലൊ. അത്തിമരത്തിന്റെ തടി, അതും ഔദുംബരമാണ്. അത് ഉപയോഗിച്ച് ഒരു ചെറുപീഠം നിര്‍മ്മിച്ച് അതിന്മേലിരുത്തി സൂര്യവംശരാജാക്കന്മാരുടെ പട്ടാഭിഷേകം നടത്താറുണ്ടെന്ന് വാല്മീകി, രാമായണം ബാലകാണ്ഡത്തില്‍ ശ്രീരാമപട്ടാഭിഷേക സമയത്തെ ഒരുക്കങ്ങളെക്കുറിച്ച് വര്‍ണിക്കുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നു.
പട്ടാഭിഷേകത്തിനുള്ള ഔദുംബരത്തിന്റെ മഹിമയും വലിപ്പവും ഒന്നു വേറേതന്നെയാണ്. അതിലും ഏറിയ പ്രത്യേകത സൂര്യവംശരാജാവിന്റെ പട്ടാഭിഷേകത്തിനുള്ള ഒദുംബരത്തിനുണ്ട്. അതില്‍ ഇരിക്കുന്ന മശക-മൂട്ട-ത്തിന് താന്‍ സൂര്യവംശ ചക്രവര്‍ത്തിയോടൊപ്പം അഭിഷിക്തനാകുന്നുവെന്നും, മറ്റൊരു മശകത്തിനും ലഭ്യമായിട്ടില്ലാത്ത നേട്ടവും സൗഭാഗ്യവും തനിക്ക് ലഭിച്ചിരിക്കുന്നുവെന്നും വിചാരിച്ച് ആ ജീവി രോമാഞ്ചമണിയുന്നു. തന്നെയല്ല തനിക്ക് രാജരക്തം കുടിക്കാനും സാധിക്കും. രാജാവിനെ അഭിഷേകം ചെയ്യുന്ന ചടങ്ങില്‍ വച്ച് മൂട്ടകളില്‍ വച്ച് ഞാനും ചക്രവര്‍ത്തിയായിത്തീരും. ഇതില്‍പരം സുഖവും സൗഭാഗ്യവും മറ്റാര്‍ക്ക് ലഭിക്കാനാണ്. എന്നിങ്ങനെ മൂട്ട ഔദുംബരത്തില്‍-പീഠത്തില്‍-ഇരുന്ന് സ്വപനം കാണുന്നതുപോലെ വ്യാമോഹങ്ങളില്‍പ്പെട്ട് മനുഷ്യന്‍ പല പല സ്വപ്‌നങ്ങള്‍ കാണുന്നു. കുറെക്കൂടി ഔചിത്യം ഈ അര്‍ത്ഥകല്‍പനയ്‌ക്കുണ്ടാകുമെന്ന് വിചാരിക്കുന്നു.
















