കളമശേരി: ഏലൂരിലെ ടി.സി.സി യിലേക്ക് കൊണ്ടു പോകുന്നതിനിടെ ലോറിയില്‍ നിന്ന് കറിയുപ്പ് ചോര്‍ന്നു. ഇന്നലെ പുലര്‍ച്ചെ പാതാളം ഇഎസ്‌ഐ ആശുപത്രിക്ക് മുമ്പിലാണ് ചോര്‍ച്ച സംഭവിച്ചത്. എടുത്തു മാറ്റാന്‍ ആരും വരാത്തതിനെ തുടര്‍ന്ന് ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് കറിയുപ്പ് വാരി മാറ്റിയത്.
ഏലൂര്‍ പാതാളം കവലയിലെ ഹമ്പ് ചാടുന്നതിനിടെയാണ് ലോറിയില്‍ നിന്നും സോഡിയം ക്ലോറൈഡ് വീണു തുടങ്ങിയത്. റോഡില്‍ കിലോമീറ്ററുകളോളം സോഡിയം ക്ലോറൈഡ് വീണതിനെ തുടര്‍ന്ന് ഇരുചക്രവാഹനങ്ങളടക്കം വളരെ ബുദ്ധിമുട്ടിയാണ് കടന്നു പോയത്. കറിയുപ്പും സള്‍ഫറും റോഡില്‍ വീഴുന്നത് സ്ഥിരമായ പരാതിയായിരിക്കുകയാണ്. ആദ്യമാദ്യം വന്നിരുന്ന ഫയര്‍ഫോഴ്‌സിനും ഇതിപ്പോള്‍ താത്പര്യമില്ലാതായി. രാസവസ്തുക്കള്‍ കൊണ്ടു പോകുമ്പോള്‍ മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഈ മേഖലയിലെ പല കമ്പനികളും എടുക്കുന്നില്ലെന്നും പ്രദേശവാസികള്‍ പരാതിയുണ്ട്.















