കുണ്ടറ: കള്ളപണത്തിന്റെ സംരക്ഷകരായി ഇടതുവലതുമുന്നണികള്‍ മാറിയെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ഒ.രാജഗോപാല്‍ എംഎല്‍എ.
ബിജെപി കൊല്ലം ജില്ലാ പഠന ശിബിരം ഉമയനല്ലൂര്‍-മൈലാപ്പൂര് എച്ച്‌കെഎം ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ രാഷ്‌ട്രീയപാര്‍ട്ടിയും നിലനില്‍ക്കുന്നത് അവരവരുടെ ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ്. ചിന്താധാര ഉപയോഗിച്ച് പ്രവര്‍ത്തനവും ഭരണവും നടത്തിയിട്ടും ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ്. ഈ അവസ്ഥക്ക് കേന്ദ്രഭരണത്തില്‍ ബിജെപി വന്നതിന് ശേഷം മാറ്റമുണ്ടായിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഇന്ന് ചിലര്‍ക്ക് ഭയമാണ്. ഒരു നയം വന്നപ്പോള്‍ അവര്‍ ഭയപ്പാട് സൃഷ്ടിക്കുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം നേടികൊടുക്കാന്‍ നെഹ്‌റു കുടുംബം മുന്‍പന്തിയില്‍ ആയിരുന്നതിനാല്‍ കോണ്‍ഗ്രസ് കുറ്റിചൂലിനെ മത്സരിപ്പിച്ചാലും അവരെ ജയിപ്പിച്ചിരുന്നു. ഭാരതജനത ഇപ്പോള്‍ കോണ്‍ഗ്ര സിന്റെ അഴിമതികളുടെ അഗാധഗര്‍ത്തങ്ങളില്‍ തങ്ങള്‍ വീഴാതിരിക്കാന്‍ കോണ്‍ഗ്രസിനെ അകറ്റിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യപാര്‍ട്ടി എന്ന് ഹുങ്ക്‌കൊള്ളുന്ന കോണ്‍ഗ്രസ്സില്‍ ഒരു ജില്ലാ പ്രസിഡന്റിനെ നിയമിക്കണമെങ്കില്‍പ്പോലും കേരളത്തിലെ നേതാക്കള്‍ ഡല്‍ഹിയില്‍ അമ്മയുടെയും മകന്റെയും മുമ്പില്‍ മാറിമാറി ഓച്ചാനിച്ച് നില്‍ക്കണം. കേരളത്തില്‍ ആദ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ട പിണറായിയില്‍ തൊഴിലാളിപ്രസ്ഥാനമെന്ന ലേബലില്‍ അധികാരത്തിലേറി ഇപ്പോള്‍ സമ്പത്തിനും എതിരാളികളെ അടിച്ചമര്‍ത്തുന്നതിനും വേണ്ടി മുതലാളി-കൊലയാളി പാര്‍ട്ടിയായി മാറി. പിണറായിക്കാരനായ മുഖ്യമന്ത്രി അധികാരത്തില്‍വന്നപ്പോള്‍ കേരളത്തില്‍ അരുംകൊലകളുടെ പ്രളയമായിരിക്കുകയാണ്. സാധാരണക്കാരായ ജനങ്ങള്‍ തങ്ങളുടെ രക്ഷയ്‌ക്കായി ഇപ്പോള്‍ ബിജെപിയിലേക്ക് കൂട്ടപാലായനം ചെയ്യുന്നു. ഭാരതത്തിനെ രക്ഷിക്കാന്‍ കുടുംബജീവിതം പോലും ത്യജിച്ച് നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ ഇന്ന് ബിജെപിയില്‍ മാത്രമേ ഉള്ളൂ. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നു. ഇടത്-വലത് പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ സ്വന്തം കുടുംബത്തിന് സമ്പത്ത് സ്വരുക്കൂട്ടാനുള്ള തത്രപാടിലാണ്. ഒപ്പം കൂടിയവരെ വര്‍ഗീയപാര്‍ട്ടിയല്ലാതാക്കുകയും എതിര്‍ചേരിയിലുള്ളത് വര്‍ഗീയപാര്‍ട്ടിയാണെന്നും മുന്നണികള്‍ പരസ്പരം ആരോപിക്കുന്നു. തങ്ങളുടെ കൂടെയുള്ള വര്‍ഗീയപാര്‍ട്ടിയെ വെള്ളപൂശുകയാണ് ഇവര്‍. എല്ലാ മതസ്തരും നേതൃസ്ഥാനത്തില്‍വരെയുള്ള ബിജെപിയെ ഇക്കൂട്ടര്‍ ഒറ്റക്കെട്ടായി വര്‍ഗീയപാര്‍ട്ടിയായി മുദ്രകുത്താന്‍നോക്കുന്നു. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഇതാണ് ബദ്ധവൈരികളെന്ന് പറയപ്പെടുന്ന ഇടത്-വലത് പ്രസ്ഥാനങ്ങളെ തങ്ങള്‍ക്ക് നേരെയുള്ള അഴിമതി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് പരസ്പരം കൈകോര്‍ത്ത് സമരപരിപാടികള്‍ നടത്താന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും ഒ.രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. പ്രസംഗത്തില്‍ അദ്ദേഹം തുടര്‍ന്ന് നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.രാധാകൃഷ്ണമേനോന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇടവന സുരേന്ദ്രനാഥ്, ശ്രീനാഗേഷ്, ജില്ലാ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടന്‍, മീഡിയാസെല്‍ ജില്ലാ കണ്‍വീനര്‍ ഡി. തമ്പി, ജില്ലാ ട്രഷറര്‍ അനില്‍വാഴപ്പള്ളി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാര്‍, സംസ്ഥാന ലീഗല്‍ സെല്‍ സഹകണ്‍വീനര്‍ കൊട്ടാരക്കര ചന്ദ്രമോഹന്‍ എന്നിവര്‍ സംസാരിച്ചു.
















