ന്യൂദല്‍ഹി: അമ്പത് ലക്ഷം രൂപക്ക് പുറമെ സക്കീര്‍ നായിക്കിന്റെ സംഘടന 25 ലക്ഷം രൂപ കൂടി കോണ്‍ഗ്രസ്സിന് കീഴിലുള്ള രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന് അനുവദിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. മുംബൈയിലെ ആശുപത്രി വഴി പണം നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ ആശുപത്രി ട്രസ്റ്റിന് പണം കൈമാറിയില്ല.
അടുത്തിടെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷ (ഐആര്‍എഫ്) ന്റെ മുംബൈയിലെ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ഇതിലാണ് രേഖകള്‍ കണ്ടെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും ഉപാധ്യക്ഷന്‍ രാഹുലും അംഗങ്ങളായ ട്രസ്റ്റ് 50 ലക്ഷം രൂപ വാങ്ങിയതായി നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിച്ചിരുന്നു. വിവാദമായപ്പോള്‍ തുക തിരിച്ചുനല്‍കുമെന്ന്് കോണ്‍ഗ്രസ് നിലപാടെടുത്തെങ്കിലും ഇത് തിരിച്ചു നല്‍കിയോ എന്ന് വ്യക്തമല്ല.
മുംബൈയിലെ എംഎച്ച് സാബൂ സിദ്ദിഖി മറ്റേര്‍ണിറ്റി ആന്റ് ജനറല്‍ ഹോസ്പിറ്റലിന് 2011 നവംബറില്‍ 30 ലക്ഷം രൂപ ഐആര്‍എഫ് നല്‍കിയിരുന്നു. ഇതില്‍ 25 ലക്ഷം രാജീവ് ട്രസ്റ്റിന് നല്‍കാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ പണം സ്വീകരിച്ചെന്നും ട്രസ്റ്റിന് കൈമാറിയില്ലെന്നും ആശുപത്രി ചെയര്‍മാന്‍ ഡോ. എ. ആര്‍. സുമാര്‍ പറഞ്ഞു. മുഴുവന്‍ തുകയും ആശുപത്രിയില്‍ ചെലവഴിച്ചു. 82 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിക്ക് വര്‍ഷത്തില്‍ 67 കോടി രൂപ സംഭാവന ലഭിക്കുന്നുണ്ട്.
ഐഎസ്സില്‍ ചേരാന്‍ സിറിയയിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ ഭീകരന്‍ അബു അനസ്സിന് ഐആര്‍എഫ് സാമ്പത്തിക സഹായം നല്‍കിയതും കണ്ടെത്തിയിട്ടുണ്ട്. ഹരിയാനയിലെ ചൗധരി ദേവിലാല്‍ മെമ്മോറിയല്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ട്രസ്റ്റ്, മീററ്റിലെ അസോസിയേഷന്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നിവര്‍ക്കും പണം നല്‍കിയതായി കണ്ടെത്തി. ഇതും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.
















