ന്യൂദല്‍ഹി: നിയമ നടപടികളില്‍ നിന്നും രക്ഷിക്കുന്നതിനായി രാജ്യം വിട്ട് മറ്റു രാജ്യങ്ങളില്‍ അഭയം തേടിയ കുറ്റവാളികളെ തിരികെ എത്തിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടുന്നതിനായി രാജ്യം വിടുന്നത് കേന്ദ്രസര്‍ക്കാര്‍ തടയണമെന്നും ജസ്റ്റിസ് ഖെഹാര്‍, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദ്ദേശിച്ചു.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട വനിതാ വ്യവസായിയായ റിതിക അവാസ്തിയുടെ കേസിലാണ് പരാമര്‍ശം. ലണ്ടനില്‍ കഴിയുന്ന റിതികയെ എത്രയും വേഗം തിരികെ എത്തിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിനായി സുപ്രീംകോടതി തന്നെയാണ് റിതികയ്‌ക്ക് ലണ്ടനില്‍ പോകാന്‍ അനുമതി നല്‍കിയത്.
എന്നാല്‍ ലണ്ടനില്‍ നിന്നും തിരികെ എത്താന്‍ റിതിക തയ്യാറാകാതെ വന്നതോടെ കോടതി നടപടികള്‍ തടസ്സപ്പെടുകയായിരുന്നു. റിതികയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
റിതികയുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ലഭ്യമല്ലെന്നും അതു ലഭിച്ചാല്‍ തിരികെ എത്തിക്കുന്ന നടപടികള്‍ ആരംഭിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ കോടതിയെ അറിയിച്ചു.
പാസ്‌പോര്‍ട്ട്, ഇമിഗ്രേഷന്‍ ചുമതലയുള്ള കേന്ദ്രത്തിന് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അറിയില്ലെന്ന് പറയുന്നതിനെ കോടതി വിമര്‍ശിച്ചു. എന്നാല്‍ സുപ്രീംകോടതി തന്നെയാണ് റിതികയുടെ പാസ്‌പോര്‍ട്ട് യുപി പോലീസിന് തിരികെ കൊടുത്തതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ ഓര്‍മ്മിപ്പിച്ചു.
വിവരങ്ങള്‍ ലഭിച്ചാല്‍ 24 മണിക്കൂറിനകം പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് നടപടികള്‍ക്കായി ഡിസംബര്‍ 15വരെ കേന്ദ്രസര്‍ക്കാരിന് കോടതി സമയം അനുവദിച്ചു.
















