ചെന്നൈ: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള സഹകരണ പ്രതിസന്ധി മറികടക്കന്‍ തമിഴ്നാട്ടിലെ സഹകരണ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. സഹകരണ സംഘങ്ങള്‍ വഴി കാര്‍ഷിക വായ്‌പകള്‍ക്കും സബ്‌സിഡികളും നല്‍കുന്നത് തുടരുമെന്ന് ഉത്തരവില്‍ പറയുന്നു. ഇതിനായി സഹകരണ സംഘങ്ങളിലെ അക്കൗണ്ടുകള്‍ക്ക് പകരം കര്‍ഷകര്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ പുതിയൊരു അക്കൗണ്ട് തുടങ്ങിയാല്‍ മതിയാവും.
കെവൈസി ചട്ടപ്രകാരമായിരിക്കണം കര്‍ഷകര്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങേണ്ടത്. ആര്‍ബിഐ ചട്ടങ്ങള്‍ അനുസരിച്ച് ഈ അക്കൗണ്ട് വഴി ഒരാഴ്ച 25,000 രൂപ വരെ കര്‍ഷകര്‍ക്ക് പിന്‍വലിക്കാം. ഈ ഉത്തരവ് ഫലപ്രദമായി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി സംസ്ഥാനത്തെ സഹകരണ മേഖലയ്‌ക്ക് മൂവായിരം കോടി രൂപ അനുവദിക്കണമെന്ന് തമിഴ്നാട് കേന്ദ്ര ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിലെ 10.75 ലക്ഷം കര്‍ഷകര്‍ക്കായി ഈ വര്‍ഷം 6000 കോടി രൂപ കാര്‍ഷിക വായ്‌പയായി നല്‍കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. 4473 കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴിയാണ് ഈ വായ്‌പാ തുക വിതരണം ചെയ്യുക. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയതോടെ വായ്‌പ അനുവദിക്കുന്നതും സബ്‌സിഡി നല്‍കുന്നതും പൂര്‍ണമായും നിലച്ചു. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്.
















