ചെന്നൈ: തമിഴ് യുവതാരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികൾ രംഗത്തെത്തി. മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട ദമ്പതികൾ സമര്‍പ്പിച്ച കേസില്‍ ജനുവരി 12നു നേരിട്ടു ഹാജരാകാന്‍ ധനുഷിനോട് കോടതി നിര്‍ദേശിച്ചു.
മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്കൂളില്‍ പഠിക്കുമ്പോൾ നാടുവിട്ടുപോയതാണെന്നും അവകാശപ്പെട്ട് കോടതിയില്‍ എത്തിയത്. 1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ ആണെന്നും ഇവർ അവകാശപ്പെടുന്നു. ധനുഷിന്റെ പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കിയിരുന്നു.
കാണാതായ മകനെ ഏറെ നാള്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പിന്നീട് സിനിമ കണ്ടപ്പോഴാണു തിരിച്ചറിഞ്ഞതെന്നും ഇവര്‍ പറയുന്നു. ധനുഷ് ഇപ്പോള്‍ സംവിധായകന്‍ കസ്തൂരി രാജയുടെ കസ്റ്റഡിയിലാണെന്നും ഇവർ ആരോപിക്കുന്നു.
വയോധികരായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നാവശ്യപ്പെട്ടാണു ഇവര്‍ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് നേരിട്ടു ഹാജരാകാന്‍ ധനുഷിനോടു നിര്‍ദേശിച്ചത്.
















