കോഴിക്കോട്: ചാനലുകളുടെയും പത്രങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഉണ്ടായ മത്സരം മാധ്യമങ്ങളുടെ നിലവാരം തകര്‍ത്തുവെന്ന് കെ. വേണു പറഞ്ഞു. മാധ്യമങ്ങളുടെ എണ്ണം കൂടിയത് സത്യത്തെ സമഗ്രമായി തിരിച്ചറിയാന്‍ വായനക്കാരന് അവസരം നല്‍കേണ്ടതായിരുന്നു. എന്നാല്‍ വസ്തുതകള്‍ പോലും അന്വേഷിക്കാതെ ബ്രേക്കിംഗ് വാര്‍ത്തകള്‍ പുറത്തുവിടുകയാണ്. റേറ്റിംഗ് കൂട്ടാന്‍ മാത്രമാണ് ശ്രമം. പതിനെട്ടാമത് കെ. ജയചന്ദ്രന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്യമാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. വന്‍ കമ്പനികള്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ വെളിച്ചം കാണുന്നില്ല. മാധ്യമങ്ങളുടെ ഗൗരവപൂര്‍ണ്ണമായ ഇടപെടലിന്റെ കാലം കഴിഞ്ഞു. സ്വതന്ത്ര പത്രം എന്നഭിമാനിക്കുന്ന മുഖ്യധാര പത്രങ്ങള്‍ക്ക് പോലും നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ക്ക് വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഈ മേഖല ഏറെ ദുരുപയോഗത്തിന് വിധേയമാകുകയാണ്. വന്‍ സാമൂഹിക അട്ടിമറികള്‍ സൃഷ്ടിക്കാന്‍ ഇതിന് കഴിയുന്നു. അദ്ദേഹം പറഞ്ഞു.
വി. അബ്ദുറഹിമാന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. എന്‍.പി. രാജേന്ദ്രന്‍, കല്‍പ്പറ്റ നാരായണന്‍, എസ്. ആര്‍. സഞ്ജീവ് എം.കെ. രാമദാസ് എന്നിവര്‍ സംസാരിച്ചു. കെ. ജയചന്ദ്രന്റെ ഓര്‍മ പുസ്തകത്തിന്റെ പ്രകാശനം ജോയ് മാത്യു വി. എം. ദീപക്ക് നല്‍കി നിര്‍വഹിച്ചു. പത്രപ്രവര്‍ത്തകനായ ഡി. ധനസുമോദ് സംവിധാനം ചെയ്ത ‘ജലസമാധി’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.
















