കണ്ണൂര്‍: വിദ്യാഭ്യാസ വായ്‌പയെടുത്ത രക്ഷിതാക്കളെ ബാങ്ക് മാനേജര്‍മാര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. വിദ്യാഭ്യാസ വായ്‌പയെടുത്ത് കടക്കെണിയിലായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇതോടെ കൂട്ട ആത്മഹത്യയുടെ വക്കിലായിരിക്കുകയാണ്. വിദ്യാഭ്യാസ വായ്‌പക്ക് സര്‍ക്കാര്‍ ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വായ്‌പയെടുത്തവരുടെ സഹായത്തിന് ലഭിച്ചുതുടങ്ങിയിട്ടില്ല. പല ബാങ്ക് അധികൃതരും വായ്‌പക്കാര്‍ക്കെതിരെ ജപ്തി നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇതോടൊപ്പം തന്നെ രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതും സമൂഹമധ്യത്തില്‍ അപമാനിക്കുന്നതും തുടര്‍ക്കഥയായി മാറുകയാണ്. ഇതിനെതിരെ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ബാങ്കേഴ്‌സ് കമ്മറ്റി മീറ്റിങ്ങ് വിളിച്ചുചേര്‍ക്കാനും തയ്യാറാകുന്നില്ല. 14 ശതമാനം പലിശയാണ് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്‌പക്ക് ഈടാക്കുന്നത്. മാസത്തിലുള്ള പലിശ മുതലിനോട് ചേര്‍ത്തുള്ള കൂട്ടുപലിശ സംവിധാനമാണ് ഇപ്പോള്‍ നിലവിലുള്ളത്. വായ്‌പയെടുത്തവര്‍ ബാങ്കില്‍ അടക്കുന്ന തുകയില്‍ നിന്ന് പലിശയിലോ മുതലിലോ എത്ര രൂപയാണ് ഉള്‍പ്പെടുത്തുന്നതെന്ന് ബാങ്ക് രേഖകളില്‍ വ്യക്തമാക്കുന്നില്ല. സര്‍ക്കാര്‍ ഇത് വ്യക്തമായി രേഖപ്പെടുത്തി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും പല ബാങ്ക് അധികൃതരും നടപ്പിലാക്കുന്നില്ല. 2014 ജുലൈ 2 ന് നിയമസഭയില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായിട്ടുള്ളതാണ്. വിദ്യാഭ്യാസ വായ്‌പക്ക് പലിശയീടാക്കരുതെന്നും വിദ്യാര്‍ത്ഥിക്ക് ജോലി ലഭിച്ചാല്‍ മാത്രമേ തിരിച്ചടക്കേണ്ടതുള്ളൂ എന്ന വ്യവസ്ഥയുണ്ടെങ്കിലും ബാങ്കുകാര്‍ ഇതെല്ലാം കാറ്റില്‍പ്പറത്തുകയാണ്. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഴുവന്‍ വിദ്യാഭ്യാസ വായ്‌പയും എഴുതിത്തള്ളണമെന്നും ബാങ്ക് വായ്‌പയെടുത്തവരുടെ യോഗം അധികൃതരോടാവശ്യപ്പെട്ടു. കെ.വിനയകുമാര്‍, പ്രകാശന്‍ കണ്ണാടിവെളിച്ചം, പി.മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















