കൊല്ലം: കോണ്‍ഗ്രസ് നേതാവ് ഏരൂര്‍ രാമഭദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാകമ്മിറ്റി അംഗം കെ.ബാബുപണിക്കര്‍, മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫ് മാക്‌സണ്‍, ഡിവൈ എഫ്‌ഐ നേതാവ് റിയാസ് എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തതുമായി ബന്ധപെട്ട് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്.
ജനങ്ങളെ തെറ്റിധരിപ്പിച്ച് കൊലയാളികളെ വെള്ളപൂശാനുമാണ് നീക്കം. ജില്ലയില്‍ സിപിഎം നടത്തികൊണ്ടിരിക്കുന്ന കൊലപാതങ്ങളെ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും മറയാക്കി നിസാരവല്‍കരിക്കാനുള്ള ശ്രമം വിലപ്പോകില്ല.
2010ലെ എല്‍ഡിഎഫ് ഭരണകാലത്തു നടന്ന കൊലപാതകം ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിലെ പോരായ്‌മ കാരണം ഏറെ വിവാദങ്ങള്‍ക്കുശേഷം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും അന്വേഷണം തുടരുന്ന വേളയില്‍ പ്രസ്തുത കേസ് അട്ടിമറിക്കുന്നതായി കാണിച്ചു രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്നു അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കേസ് സിബിഐ ക്കു വിട്ടെങ്കിലും അവര്‍ ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് രാമഭദ്രന്റെ ഭാര്യ രണ്ടാമതും കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കേസ് സിബിഐ അന്വേഷിക്കുവാന്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം സിബിഐ അന്വേഷണം നടത്തി തെളിവിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്‌തെന്നിരിക്കെ സിപിഎമ്മിനെ തകര്‍ക്കാന്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും സിബിഐയെ ഉപയോഗപ്പെടുത്തുന്നു എന്ന ബാലഗോപാലിന്റെ കല്ലുവെച്ച നുണപ്രചാരണം ജനം തള്ളിക്കളയും. കൊലയാളികളെ രക്ഷിക്കാനും പൊതുജനങ്ങളില്‍ ആശയകുഴപ്പം സൃഷ്ടിച്ച് അണികളില്‍ കൊലപാതകരാഷ്‌ട്രീയത്തിനു പ്രേരണ നല്‍കുന്നതുമാണ് ഈ പ്രസ്താവന.
തങ്ങള്‍ക്ക് അനുകൂലമായ നിലപാടുകള്‍ വന്നില്ലെങ്കില്‍ രാജ്യത്തിന്റെ നിയമവ്യവസ്ഥയെ ആക്ഷേപിക്കുന്ന സിപിഎം പാരമ്പര്യം ജനാധിപത്യത്തിന് ഭീഷണിയാണെന്നും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാത്തതിന് പിന്നില്‍ ജില്ലയിലെ സിപിഎം-കോണ്‍ഗ്രസ് ഒത്തുകളിയാണെന്നും ജി.ഗോപിനാഥ് ചൂണ്ടിക്കാട്ടി.
















