ന്യൂദല്‍ഹി: സായുധസേനാ ട്രൈബ്യൂണലിലെ ജുഡീഷ്യല്‍ അംഗമായി ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് ചുമതലയേറ്റു. ദല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിലാണ് അദേഹം സേവനമനുഷ്ഠിക്കുക. സൈനികരുടെ സര്‍വ്വീസ് കേസുകളും സൈനിക കോടതി തീരുമാനങ്ങളിന്മേലുള്ള അപ്പീലുകളും മറ്റും പരിഗണിക്കുന്നത് സായുധസേനാ ട്രൈബ്യൂണലാണ്.
ജുഡീഷ്യല്‍ അംഗങ്ങളും അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് ട്രൈബ്യൂണല്‍. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരാണ് ജുഡീഷ്യല്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുക. മേജര്‍ ജനറല്‍ സ്ഥാനത്തുനിന്നോ അതിലും ഉയര്‍ന്ന പദവികളില്‍ നിന്നോ വിരമിക്കുന്ന സൈനികരെയാണ് അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളായി നിയമിക്കുന്നത്.
ദല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിന് പുറമെ ചണ്ഡിഗഢ്, ലക്ക്‌നൗ, കൊല്‍ക്കത്ത, കൊച്ചി, മുംബൈ, ചെന്നൈ, ജയ്‌പ്പൂര്‍, ഗുവാഹത്തി എന്നിവിടങ്ങളില്‍ മേഖലാ ബെഞ്ചുകളുമുണ്ട്.
കേരള ഹൈക്കോടതിയില്‍ നിന്ന് ജൂലൈയില്‍ വിരമിച്ച ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് മാറാട് കേസില്‍ വിചാരണ കേട്ട ജഡ്ജി കൂടിയാണ്.
എറണാകുളം മുളവുകാട് പൊന്നാരിമംഗലം പണ്ടാരപ്പറമ്പില്‍ കുടുംബാംഗമാണ്.’ഭാര്യ സീമ. മക്കള്‍ ഡോ. മനു മാത്യു, പരേതനായ ആനന്ദ് മാത്യു. അച്ഛന്‍ പരേതനായ പി ടി ജോസഫ്. അമ്മ എലിസബത്ത്.
















