റാഞ്ചി: ഝാര്‍ഖണ്ഡിലെ ലത്തഹാറില്‍ മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. ബുധനാഴ്ച പുലര്‍ച്ചെ നബര്‍നാഗ്-കരംദിദ്ധ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചത്.
വനപ്രദേശത്ത് മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിആര്‍പിഎഫും ഝാര്‍ഖണ്ഡ് പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഇവരെ വധിച്ചതായി സൈന്യം വ്യക്തമാക്കി.
കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല.
വനപ്രദേശത്ത് കൂടുതല്‍ പേര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സിആര്‍പിഎഫും കോബ്രയും സംസ്ഥാന പോലീസും സംയുക്തമായി തെരച്ചില്‍ നടത്തിവരികയാണ്.
മാവോയിസ്റ്റ് ശക്തികേന്ദ്രമായ ചിപോദോഹര്‍ ജില്ലയോട് അടുത്ത് വരുന്ന വനപ്രദേശമാണിത്.
.
















