ന്യൂദല്‍ഹി: ഇന്ത്യന്‍ വിപണികളില്‍ വ്യാപകമായി വില്‍ക്കുന്ന അഞ്ചു ലഘുപാനീയങ്ങളില്‍ വന്‍ തോതില്‍ രാസവസ്തുക്കളുടെ സാന്നിധ്യം ഉള്ളതായി റിപ്പോര്‍ട്ട്. പെപ്സി, കൊക്കോകോള, സ്പ്രൈറ്റ്, മൗണ്ടെയ്ന്‍ ഡ്യൂ, സെവന്‍ അപ് എന്നിവയുടെ സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്.
പരിശോധനയില്‍ പാനീയങ്ങളില്‍ നിന്ന് ഈയം, കാഡ്മിയം, ക്രോമിയം എന്നീ ഘനലോഹങ്ങള്‍ കണ്ടെത്തിയിരുന്നു. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഫഗന്‍ സിംഗ് കുലസ്തെ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഈ അഞ്ചു ലഘുപാനീയങ്ങളുടെയും സാമ്പിളുകള്‍ ശേഖരിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൊല്‍ക്കത്തയിലെ നാഷണല്‍ ടെസ്റ്റ് ഹൗസില്‍ നടത്തിയ പരിശോധനയിലാണ് ഈയത്തിന്റെയും മറ്റു ഘനലോഹങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയത്.
പ്ലാസ്റ്റിക് പെറ്റ് ബോട്ടിലുകളില്‍ നിറയ്‌ക്കുന്നതു മൂലമാണ് കാഡ്മിയവും ക്രോമിയവും കലരാന്‍ ഇടയാക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഡ്രഗ് ടെക്നിക്കല്‍ അഡ്വൈസറി ബോര്‍ഡ് നടത്തിയ പഠനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് മന്ത്രി രാജ്യസഭയില്‍ പരിശോധനാഫലം വ്യക്തമാക്കിയത്.
പാനീയങ്ങളില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നു വിവിധ കോണുകളില്‍നിന്നു പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് വിശദമായ പരിശോധനയ്‌ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക്ക് ഹെല്‍ത്ത് എന്ന സ്ഥാപനം സാമ്പിളുകള്‍ പരിശോധിക്കാന്‍ നാഷണല്‍ ടെസ്റ്റ് ഹൗസിനെ ചുമതലപ്പെടുത്തുകയായിരുന്നു.
അഞ്ച് സാമ്പിളുകള്‍ സാധാരണ താപനിലയിലും 40 ഡിഗ്രി, 60 ഡിഗ്രി താപനിലകളിലും പത്തു ദിവസം സൂക്ഷിച്ചാണ് പഠനവിധേയമാക്കിയത്. സാധാരണ താപനിലയില്‍ തന്നെ മരുന്നുകളില്‍ ആന്റിമൊണിയവും ക്രോമിയവും ഈയവും ഡിഎച്ച്ഇപിയും അടങ്ങിയതായി കണ്ടെത്തി. തുടര്‍ന്നാണ് ഇത്തരം പായ്‌ക്കറ്റുകളില്‍ വിറ്റഴിക്കുന്ന ലഘുപാനീയങ്ങള്‍, എണ്ണ, സോഡ, പഴച്ചാറുകള്‍, മദ്യം, തുടങ്ങിയവയുടെ സാമ്പിളുകളും പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്.
ഈ വിഷ രാസവസ്തുക്കള്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. വിഷരാസവസ്തുക്കള്‍ ഹോര്‍മോണ്‍ സംവിധാനത്തെയാകെ തകരാറിലാക്കുകയാണു ചെയ്യുന്നത്. സ്ത്രീകളുടെ പ്രത്യുല്‍പാദന സംവിധാനത്തെയും വൃക്കകളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കും. ഇത്തരം രാസവസ്തുക്കള്‍ വന്ധ്യതയ്‌ക്കും ഗര്‍ഭഛിദ്രത്തിനും ഇടയാക്കുമെന്നും പരിശോധനകളില്‍ തെളിഞ്ഞിട്ടുണ്ട്. ഗര്‍ഭാശയ രോഗങ്ങള്‍, മാസം തികയാതെയുള്ള പ്രസവം, നവജാതശിശുവിന് ഭാരം കുറയല്‍, കുട്ടികള്‍ക്കു ജന്മവൈകല്യം എന്നിവയ്‌ക്കും ഇത് കാരണമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
















