കൊച്ചി: ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ പ്രദര്‍ശിപ്പിച്ചിട്ടും അതിന്റെ സംവിധായകന് വിനയന്, നിര്‍മ്മാതാവ് കബീര്‍ എന്നിവരെ ക്ഷണിക്കാതിരുന്നതിന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ മാപ്പ് പറയണമെന്ന് മാക്ടാ ഫെഡറേഷന് പ്രസിഡന്റ് ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു. സിനിമാ നിര്‍മ്മാണരംഗത്ത് വേര്‍തിരിവ് ഉണ്ടാക്കാനുള്ള ശ്രമമാണ് കമല്‍ നടത്തുന്നത്. ചലച്ചിത്ര മേളയില്‍ നിന്ന് വിനയനെ ബോധപൂര്‍വ്വം അകറ്റി നിര്‍ത്തുകയായിരുന്നു. സിനിമ രംഗത്ത് ശുദ്ധീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം മറ്റ് മേഖലയിലെ പോലെ സിനിമാവ്യവസായത്തിലുമുണ്ട്. അതിനാല്‍ ശരിയായ കണക്കുകളില്ലാതെ സിനിമാ നിര്‍മ്മാണത്തിന് ചില വഴിക്കുന്ന പണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ 50 ലക്ഷത്തിന് താഴെ ഇവിടെ കൈപ്പറ്റുകയും ബാക്കി തുക ഗള്‍ഫില്‍ ഓവര്‍സീസായി വാങ്ങുകയും ചെയ്യുന്നു.
ഇത് നികുതി വെട്ടിക്കുന്നതിനുവേണ്ടിയാണ്. ഇത്തരത്തില്‍ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങള്‍ ആത്മപരിശോധന നടത്തണം. ബ്ലോഗ് എഴുതുന്നവര്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി പ്രവര്‍ത്തിക്കുന്നവര്‍ പെട്ടെന്ന് നിര്‍മ്മാതാക്കളായി മാറുന്ന അനുഭവങ്ങളുണ്ട്.
മാക്ട ഫെഡറേഷന് ദേശീയ തലത്തില്‍ സിനിമ ടെക്നീഷ്യന്മാരുടെ സംഘടന രൂപികരിക്കും. ഇതിനു മുന്നോടിയായി മാക്ട ഫെഡറേഷന്റെ സംസ്ഥാന കണ്വെന്ഷന് നാളെ രാവിലെ 10ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: