മുംബൈ: കര്‍ണാടകത്തിലും ഗോവയിലും നിശബ്ദ റെയ്ഡുകളുമായി ആദായ നികുതി വകുപ്പ്. ദിവസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതെങ്കിലും ആരെയും അറിയിച്ചിട്ടില്ല. ആരുടെ ഓഫീസുകളിലും വസതികളിലുമാണ് പരിശോധന നടത്തുന്നതെന്ന് പുറത്തു പറഞ്ഞിട്ടുമില്ല.
വെള്ളിയാഴ്ച കര്‍ണാടകത്തിലെ യെലഹങ്കയില്‍ കണക്കില്‍ പെടാത്ത 16 കോടി രൂപയാണ് പിടിച്ചെടുത്തത്. പണവും സ്വര്‍ണവും നിക്ഷേപരേഖകളുമാണിവയില്‍. ബെംഗളൂരുവിലെ ഒരു സ്വര്‍ണവ്യാപാരിയുടെ സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡില്‍ 11 കോടി കണ്ടെത്തി. വില്‍പ്പനയും സ്റ്റോക്കും തമ്മില്‍ 11 കോടിയുടെ വ്യത്യാസമാണ് കണ്ടെത്തിയത്.
പഴയ നോട്ടുവാങ്ങി പകരം സ്വര്‍ണം നല്‍കിയെന്നാണ് വെളിവായത്. കഴിഞ്ഞ ദിവസം കെമ്പഗൗഡ വിമാനത്താവളത്തില്‍ ഒരു യാത്രക്കാരനില്‍ നിന്ന് 13 ലക്ഷവും നൂറു ഗ്രാം വീതമുള്ള രണ്ടു സ്വര്‍ണബിസ്‌ക്കറ്റുകളും പിടിച്ചു. ഭുവനേശ്വറില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ഒരാളില്‍ നിന്ന് 1,000 രൂപയുടെ നോട്ടുകളടങ്ങിയ 50 ലക്ഷം രൂപയും പിടിച്ചു.
മംഗലാപുരത്തെ അഞ്ച് സഹകരണ സംഘങ്ങള്‍ കള്ളപ്പണം മാറി നല്‍കിയതായി കണ്ടെത്തി. എട്ടു കോടിയുടെ പഴയ നോട്ടുകളാണ് മാറി നല്‍കിയത്. ഗോവയിലെ പനജിയിലെ ഒരു ഹോട്ടലില്‍ നിന്ന് 32 ലക്ഷം രൂപയും 1.06 കോടിയുടെ സ്വര്‍ണവും പിടിച്ചു. ഇവിടെ നിന്ന് കണക്കില്‍പ്പെടാത്ത മൂന്നു കോടിയുടെ വിവരങ്ങളും ലഭിച്ചു.
















