ന്യൂദല്‍ഹി: സിപിഎം പിബി അംഗം മുഹമ്മദ് സലിം സഹകരണ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തെപ്പറ്റി കേന്ദ്ര സര്‍ക്കാരിന് പരാതി നല്കിയ സംഭവത്തില്‍ സിപിഎം കേന്ദ്രനേതൃത്വത്തിലും ഭിന്നത.
മുഹമ്മദ് സലിം കേന്ദ്രത്തോട് പരാതിപ്പെട്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി പറഞ്ഞപ്പോള്‍, പോളിറ്റ് ബ്യൂറോ അംഗങ്ങളാരും ഇത്തരത്തില്‍ പരാതിപ്പെട്ടിട്ടില്ലെന്ന് വൃന്ദ കാരാട്ട് വ്യക്തമാക്കി. എല്ലാകാര്യത്തിലുമെന്നപോലെ ബംഗാള്‍, കേരളാ ഘടകങ്ങള്‍ സഹകരണ ബാങ്കിലെ കള്ളപ്പണ നിക്ഷേപ വിഷയത്തിലും രണ്ട് നിലപാട് തുടരുന്നത് കേന്ദ്ര നേതൃത്വത്തെയും രണ്ടു ചേരിയാക്കി.
കേരളത്തിലെ സഹകരണ ബാങ്കുകളെപ്പറ്റിയല്ല, ബംഗാളിലെ സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നാണ് മുഹമ്മദ് സലിം പറഞ്ഞതെന്ന് യെച്ചൂരി വിശദീകരിച്ചു. തൃണമൂല്‍ നേതാക്കള്‍ കള്ളപ്പണം സഹകരണ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് സലിം പറഞ്ഞത്, യെച്ചൂരി പറഞ്ഞു. എന്നാല്‍, പോളിറ്റ് ബ്യൂറോ അംഗങ്ങളാരും സഹകരണ മേഖലയിലെ കള്ളപ്പണ നിക്ഷേപത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന് പരാതി എഴുതി നല്‍കിയിട്ടില്ലെന്ന് പിബി അംഗം വൃന്ദ കാരാട്ട് പറയുന്നു.
പതിറ്റാണ്ടുകളായി സിപിഎം നിയന്ത്രണത്തിലായിരുന്ന ബംഗാളിലെ സഹകരണ ബാങ്കുകളെല്ലാം തൃണമൂല്‍ പിടിച്ചെടുത്തു. ശാരദ ചിട്ടി തട്ടിപ്പിലെ അടക്കം കോടിക്കണക്കിന് രൂപയാണ് ഇവിടങ്ങളില്‍ നികുതി വെട്ടിച്ച് നിക്ഷേപിച്ചിട്ടുള്ളത് എന്നതാണ് സിപിഎം ബംഗാള്‍ ഘടകത്തിന്റെ പരാതി. നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ചതു മുതല്‍ നിരവധി തവണ ബംഗാളിലെ സിപിഎം നേതൃത്വം സഹകരണ ബാങ്കുകള്‍ക്കെതിരെ രംഗത്തെത്തി.
രാജ്യത്തെ എല്ലാ സഹകരണ ബാങ്കുകള്‍ക്കും നിയമങ്ങളൊന്നായതിനാല് സമാനമായ കള്ളപ്പണ നിക്ഷേപവും കള്ളപ്പണം വെളുപ്പിക്കലും രാജ്യത്തെല്ലായിടത്തും നടക്കുന്നുണ്ടെന്നാണ് കേന്ദ്രധനമന്ത്രാലയവും മറ്റ് അന്വേഷണ ഏജന്‍സികളും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: