മുബൈ: ആറു മാസം മുതല്‍ ഒരു വര്‍ഷത്തിനകം ഇന്ത്യ നോട്ടില്ലാ രാജ്യമായി മാറുമെന്ന് അര്‍ഥക്രാന്തി പ്രതിഷ്ഠാന്‍. അതോടെ രണ്ടായിരം, 500 രൂപ നോട്ടുകളും പിന്‍വലിക്കാന്‍ കഴിയും. സാമ്പത്തിക വിദഗ്ധരുടെയും ചിന്തകരുടെയും സംഘടനയുടെ മുതിര്‍ന്ന അംഗമായ അമോദ് ഫാല്‍ക്കെ പറഞ്ഞു.
നോട്ട് റദ്ദാക്കല്‍ വഴി രാജ്യത്ത് ബാങ്കിങ്ങ് ഇടപാട് നികുതി (ബിടിടി) സംവിധാനം വന്നുകഴിഞ്ഞു. ക്രമണേ ആദായ നികുതിയും മൂല്യവര്‍ദ്ധിത നികുതിയും എക്‌സൈസ് തീരുവയും, ഒരു പക്ഷെ നിര്‍ദ്ദിഷ്ട ചരക്ക് സേവന നികുതിയും തന്നെ ഇല്ലാതാകും. അദ്ദേഹം പറഞ്ഞു.
ബാങ്കിലിടുന്ന പണത്തിന് ഒന്നു മുതല്‍ രണ്ടു ശതമാനം വരെ നികുതിയാണ് ജനങ്ങള്‍ നല്‍കുക. ഈ പണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കും. ഇങ്ങനെ 21 ലക്ഷം കോടി സംഭരിക്കാന്‍ കഴിയും. ഇത്രയും തുകയാണ് കേന്ദ്ര സംസ്ഥാനങ്ങള്‍ നികുതികളായി പിരിക്കുന്നതും.
ഭാരത സമ്പദ് വ്യവസ്ഥ കറന്‍സിയില്‍ അധിഷ്ഠിതമായതിനാല്‍ എല്ലാ നോട്ടുകളും ഒറ്റയടിക്ക് പിന്‍വലിക്കാന്‍ കഴിയില്ല. പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ രണ്ടായിരത്തിന്റെ നോട്ടുകളും നിയന്ത്രിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. നോട്ട് രഹിത ഇടപാടുകള്‍ വ്യാപകമാകുന്നതോടെ രണ്ടായിരത്തിന്റെ നോട്ടുകളും പിന്‍വലിക്കാന്‍ കഴിയും. പാവപ്പെട്ട ഗ്രാമീണര്‍ കൂടി ഈ വ്യവസ്ഥിതിയില്‍ എത്തുന്നതോടെ നൂറിന്റെയും അന്‍പതിന്റെയും നോട്ടുകളും പിന്‍വലിക്കാന്‍ കഴിയും.
അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ജനങ്ങള്‍ വലിയ തുക സൂക്ഷിക്കാറില്ല. എന്നാല്‍ ഭാരതത്തില്‍ വലിയ നോട്ടുകള്‍ ഉള്ളതിനാല്‍ ജനങ്ങള്‍ ബാങ്കിങ് സംവിധാനത്തിനു പുറത്താണ്. ഫാല്‍ക്കെ പറഞ്ഞു.
















