ന്യൂദല്‍ഹി: വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെതടക്കമുള്ള വന്‍ ബിസിനസുകാരുടെ കടം എഴുതിത്തള്ളിയെന്ന വാര്‍ത്ത നിഷേധിച്ച് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ രംഗത്ത്. മല്യയുടെ കടം എഴുതിത്തള്ളുന്നതിനെ കുറിച്ച് യാതൊരു ആലോചനയും നടന്നിട്ടില്ലെന്ന് അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി. ചില മാധ്യമങ്ങള്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്ത നല്‍കുകയായിരുന്നെന്ന് അരുന്ധതി ഭട്ടാചാര്യ വിമര്‍ശിച്ചു.
ഇത് ഞങ്ങള്‍ക്ക് സമൂഹത്തിനിടയില്‍ ചീത്തപ്പേരുണ്ടാക്കി. ബാങ്കിന്റേത് ബാലന്‍സ് ഷീറ്റ് ക്രമീകരിക്കാനുള്ള നടപടി മാത്രമായിരുന്നെന്ന് അവര്‍ വ്യക്തമാക്കി. കടം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. തിരിച്ചടവുകളുടെ റിപ്പോര്‍ട്ട് പ്രതിമാസ നിരീക്ഷണത്തിന് വിധേയമാക്കുമെന്നും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
വന്‍കിട വ്യവസായികളുടെ 7016 കോടി രൂപ എസ്ബിഐ എഴുതിത്തള്ളിയെന്ന വാര്‍ത്ത കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തുവന്നത്. വിജയ് മല്യയുടെ 1201 കോടിയടക്കമുള്ള തുകകള്‍ നിഷ്‌ക്രിയ ആസ്തിയായി കണ്ട് എസ്ബിഐ ബാലന്‍സ് ഷീറ്റില്‍നിന്നും മാറ്റുകയായിരുന്നു. ഇവ അഡ്വാന്‍സ് അണ്ടര്‍ കളക്ഷന്‍ അക്കൗണ്ട് എന്ന പ്രത്യേക അക്കൗണ്ടിലേക്കാണ് മാറ്റി എന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ കടങ്ങള്‍ എഴുതിത്തള്ളിയില്ലെന്നും നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുക മാത്രമായിരുന്നെന്നും പാര്‍ലമെന്റില്‍ ധനമന്ത്രി വിശദീകരിച്ചു. പിന്നാലെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത തെറ്റായി നല്‍കിയെന്ന ആരോപണവുമായി എസ്ബിഐ ചെയര്‍പെഴ്‌സണ്‍ രംഗത്തുവരുന്നത്.
















