ന്യൂദല്‍ഹി: ഇന്ത്യയുടെ അന്തര്‍വാഹിനി തടഞ്ഞെന്ന പാക് നാവികസേനയുടെ പ്രസ്താവന തള്ളി ഇന്ത്യന്‍ നാവിക സേന. പാക്കിസ്ഥാന്‍ കടലില്‍ ഇന്ത്യയുടെ അന്തര്‍വാഹനികളൊന്നുമില്ലെന്ന് നാവികസേന വക്താവ് ക്യാപ്റ്റന്‍ ഡി.കെ ശര്‍മ്മ അറിയിച്ചു. ലജ്ജയില്ലാത്ത നുണ പറച്ചിലാണ് പാക്കിസ്ഥാന്റേതെന്നും നാവികസേന വ്യക്തമാക്കി.
പാക് നാവികസേനയുടെ ആസ്ഥാനമായ കറാച്ചിയില്‍ നിന്നാണ് ഇന്ത്യന്‍ അന്തര്‍വാഹിനിയെ പാക് നാവികസേനാ യുദ്ധക്കപ്പലുകള്‍ തടഞ്ഞ് തിരിച്ചയച്ചെന്ന പ്രസ്താവന പുറത്തുവന്നത്. ബാറ്ററികള്‍ റീചാര്‍ജ്ജ് ചെയ്യുന്നതിനും ഓക്‌സിജന്‍ ശേഖരിക്കുന്നതിനുമായി രണ്ടുദിവസം കൂടുമ്പോള്‍ ജലോപരിതലത്തിലെത്തിയ അന്തര്‍വാഹനിയെയാണ് കണ്ടെത്തിയതെന്നാണ് പാക്കിസ്ഥാന്റെ വാദം. ഒരു അന്തര്‍വാഹനിയുടെ അവ്യക്തമായ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. പാക്കിസ്ഥാന്റെ തെക്കന്‍ കടല്‍ മേഖലയിലാണ് ഇന്ത്യന്‍ അന്തര്‍വാഹിനി എത്തിയതെന്നാണ് പാക് വാദം.
എന്നാല്‍ മേഖലയിലൊന്നും ഇന്ത്യന്‍ അന്തര്‍വാഹിനികളില്ലെന്ന് നാവികസേന വ്യക്തമാക്കിയിട്ടുണ്ട്. മറ്റേതെങ്കിലും രാജ്യത്തിന്റെ അന്തര്‍വാഹിനിയാകാം പാക്കിസ്ഥാന്‍ കണ്ടത്. അവര്‍ പറഞ്ഞ സമയത്ത് വിവിധ ലോകരാജ്യങ്ങലുടെ ഏകദേശം നൂറ്റമ്പതോളം കപ്പലുകള്‍ പ്രദേശത്തുണ്ടായിരുന്നു.
















