ഭോപ്പാല്‍: അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്ക് തടസമുണ്ടാകാതിരിക്കാന്‍ പുതുവഴിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഹരിത ഇടനാഴി സജ്ജമാക്കിയാണ് ജീവന്‍ രക്ഷിക്കാന്‍ വഴിയൊരുക്കിയത്.
കരള്‍ മാറ്റ ശസ്ത്രക്രിയക്കു വേണ്ടിയാണ് ആദ്യമായി കഴിഞ്ഞ ദിവസം ഹരിത ഇടനാഴി സജ്ജമാക്കിയത്. വിമാനത്താവളത്തിലെത്തിയ കരള്‍ ആശുപത്രിയിലെത്തിക്കാനായിരുന്നു ഇത്. 80 ഉദ്യോഗസ്ഥര്‍ കൂടി സഹകരിച്ചപ്പോള്‍ മിനിറ്റുകള്‍ കൊണ്ട് കരള്‍ ആശുപത്രിയിലെത്തി.
12കിലോമീറ്റര്‍ ദൂരം കുറഞ്ഞ സമയം കൊണ്ടെത്താനായി. 80 പോലീസുദ്യോഗസ്ഥരാണ് ഹരിത ഇടനാഴി തീര്‍ക്കാന്‍ സഹായിച്ചത്. കടുത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി കൈ കൊണ്ടുളള സിഗ്നലുകളാണ് നല്‍കിയത്.
കഴിഞ്ഞാഴ്ച കൊല്‍ക്കത്ത പോലീസും സമാനമായ ഒരു ഹരിത ഇടനാഴി ഒരുക്കിയിരുന്നു. കരളും ഹൃദയവും അപ്പോളോ ആശുപത്രിയില്‍ നിന്ന് ഭവാനി പൂരിലെ എസ്എസ്‌കെഎം ആശുപത്രിയിലെത്തിക്കാന്‍ വേണ്ടിയായിരുന്നു ഇത്. 45 മിനിറ്റാണ് സാധാരണ ഈ പത്ത് കിലോമീറ്റര്‍ ദൂരം താണ്ടാന്‍ വേണ്ടി വരുന്നത്. ഹരിത ഇടനാഴി തീര്‍ത്തപ്പോള്‍ ഇതിന് വെറും പതിനാല് മിനിറ്റേ വേണ്ടി വന്നുളളൂ.
ഇക്കഴിഞ്ഞ മെയില്‍ പൂനെയില്‍ രണ്ട് ഹരിത ഇടനാഴികളൊരുങ്ങി. റൂബി ഹാള്‍ ആശുപത്രിയില്‍ നിന്ന് മുംബൈയിലേക്ക് ഒരു ഹൃദയമെത്തിക്കാനും നാസിക്കില്‍ നിന്ന് സിറ്റി ഹോസ്പിറ്റലിലേക്ക് ഒരു കരളെത്തിക്കാനും വേണ്ടിയായിരുന്നു ഇവ.
















