ന്യൂദല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി. ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഈ മാസം 25ന് മുമ്പ് വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
നോട്ട് മാറാനുള്ള പരിധി കുറച്ച നടപടിയില്‍ ജനങ്ങള്‍ പരിഭ്രാന്തരാണ്. ജനങ്ങളുടെ ആശങ്ക നിസാരമായി കാണരുതെന്ന് നിരീക്ഷിച്ച സുപ്രീംകോടതി നോട്ടുകള്‍ മാറാനുള്ള പരിധി 2000 രൂപയാക്കിയത് എന്തിനെന്നും ആരാഞ്ഞു. എന്നാല്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്.
അതേസമയം വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ സ്റ്റേ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചുവെങ്കിലും ഇക്കാര്യത്തില്‍ കോടതി പരാമര്‍ശമൊന്നും നടത്തിയില്ല.
















