പയ്യന്നൂര്‍: പരമ്പരാഗതമായി ലഭിച്ച ശില്‍പ നിര്‍മ്മാണ ചാതുരിയും സര്‍ഗ്ഗവാസനകളും പ്രഭ ചൊരിഞ്ഞപ്പോള്‍ ചെറുതാഴം ഗ്രാമത്തിലെ ദാരുശില്‍പിയായ പ്രദീപന്റെ പണിശാലയില്‍ സുന്ദരശില്‍പ്പങ്ങള്‍ അണിനിരന്നു. ദാമോദരന്‍-കോമളവല്ലി ദമ്പതികളുടെ മകനായ ഈ മുപ്പതുകാരന്റെ കൈകളില്‍ നിന്ന് വിരിഞ്ഞത് നിരവധി മനോഹര ശില്‍പ്പപങ്ങളാണ്. നിരവധി ക്ഷേത്രങ്ങളിലെ മുഖമണ്ഡപങ്ങളിലെ കൊത്തുപണികള്‍, ഗരുഡ രൂപങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമര്‍പ്പിച്ച അദ്ദേഹത്തിന്റെ ഗുരുനാഥന്‍ സ്വാമിജി പ്രമുഖ് മഹാരാജിന്റെ ശില്‍പം തുടങ്ങി 40 ലധികം സുന്ദരശില്‍പ്പങ്ങള്‍ പ്രശാന്ത് നിര്‍മ്മിച്ചെങ്കിലും മട്ടന്നൂര്‍ നഗരസഭക്കു വേണ്ടി പഴശ്ശി സ്മൃതി മന്ദിരത്തിലേക്ക് നിര്‍മ്മിച്ച ഈട്ടിത്തടിയില്‍ തീര്‍ത്ത എട്ടടിയിലധികം ഉയരമുള്ള വീരപഴശ്ശിയുടെ ശില്‍പം തന്നെയാണ് പ്രശാന്തിന്റെ ഇതുവരെയുള്ള ശില്‍പങ്ങളിലെ മാസ്റ്റര്‍ പീസ്. കേരളസിംഹം വീരകേരളവര്‍മ്മ പഴശ്ശിരാജയുടെ ശില്‍പം നിര്‍മ്മിക്കാന്‍ എട്ടുമാസത്തെ പ്രയത്‌നമെടുത്തു. ഈ ശില്‍പ്പം പഴശ്ശിരാജയുടെ ഇരുനൂറ്റി പതിനൊന്നാം ബലിദാനദിനമായ നവംബര്‍ 30 ന് മട്ടന്നൂര്‍ പഴശ്ശി സ്മൃതി മന്ദിരത്തില്‍ സ്ഥാപിക്കും. ചിത്രകാരിയും കാഞ്ഞങ്ങാട് ഫാഷന്‍ ഡിസൈന്‍ സ്ഥാപനത്തിന്റെ ഉടമയുമായ സുചിത്രയാണ് പ്രശാന്തിന്റെ ഭാര്യ.
















