ന്യൂദല്‍ഹി: ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ അബ്ദുൾ വാഹിദ് സിദ്ധിബാപ്പ പാക്കിസ്ഥാനിൽ നിന്നും ദുബായ് വഴി രാജ്യത്ത് പണം എത്തിച്ച് നൽകിയിട്ടുണ്ടെന്ന് എൻഐഎ. സ്പെഷ്യൽ ജഡ്ജി രാകേഷ് പണ്ഡിറ്റിന്റെ മുൻപാകെ സമർപ്പിച്ച കുറ്റപത്രത്തിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യൻ മുജാഹിദ്ദീന്റെ സഹസ്ഥാപകൻ യാസീൻ ഭട്കറിന്റെ അടുത്ത ബന്ധുവാണ് 32കാരനായ ഭീകരൻ സിദ്ധിബാപ്പ. ഇയാളെ മെയ് 20നാണ് ദൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായി വഴിയാണ് സിദ്ധിബാപ്പയും സംഘവും പണം എത്തിച്ചിരുന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ക്രിമിനല്‍ ഗൂഡാലോചനയ്‌ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 120-ബി വകുപ്പും യുഎപിഎ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ച് ഇന്ത്യയിൽ അങ്ങോളമിങ്ങോളം ആക്രമണങ്ങൾ നടത്താനാണ് ഇയാളും സംഘവും പദ്ധതിയിട്ടിരുന്നതെന്ന് എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
















