മട്ടന്നൂര്‍: നഗരത്തില്‍ പലഭാഗങ്ങളിലും തകൃതിയായ വികസനം നടക്കുമ്പോള്‍ വണ്ടിയോടിച്ച് ഉപജീവനം നടത്തുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ അങ്കലാപ്പിലായി. തങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുവാന്‍ സ്ഥലമില്ലാതെ നട്ടംതിരിയുകയാണ് ഡ്രൈവര്‍മാര്‍. മട്ടന്നൂര്‍ മാര്‍ക്കറ്റ് സൈറ്റിലായിരുന്നു ടാക്‌സി വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും അവിടെ ഒന്നരവര്‍ഷം മുമ്പ് വ്യാപാരസമുച്ചയം പണിത് തുടങ്ങിയതോടെ ടാക്‌സി വാഹനങ്ങള്‍ക്ക് താല്ക്കാലികമായി ഐബി കോംപ്ലക്‌സില്‍ സ്ഥലമൊരുക്കുകയായിരുന്നു.
നഗരസഭയ്‌ക്ക് പൊലീസ് സ്റ്റേഷനു പിറകില്‍ ലഭിച്ച സ്ഥലത്ത് ടാക്‌സിസ്റ്റാന്റ് പണിയുന്നതുവരെ ഐബി കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്യുവാനായിരുന്നു തീരുമാനമെങ്കിലും പൊലീസ് സ്റ്റേഷനു പിറകില്‍ യാതൊരു അടിസ്ഥാനസൗകര്യവും ഒരുങ്ങിയിട്ടില്ല. ഐബി കോംപ്ലക്‌സില്‍ ഇപ്പോള്‍ ടൗണ്‍സ്‌ക്വയര്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതോടെ ടാക്‌സി വാഹനങ്ങളുടെ താല്ക്കാലിക പാര്‍ക്കിംഗ് സംവിധാനവും ഇല്ലാതാകുകയാണ്. ഒരുവര്‍ഷം മുമ്പാണ് ആര്‍ക്കി ടെക്റ്റര്‍ ശങ്കറിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയര്‍ രൂപകല്‍പ്പന ചെയ്തത്. താല്ക്കാലിക ടാക്‌സി സ്റ്റാന്റായ ഐബി കോംപ്ലക്‌സിലാണ് ഇതിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ സെക്യൂരിറ്റി കേന്ദ്രം, കാന്റീന്‍, ബാത്ത്‌റൂം എന്നിവയാണ് ഒരുക്കുന്നത്.
പൊലീസ് സ്റ്റേഷനു പിറകില്‍ ടാക്‌സികള്‍ക്ക് സ്ഥിരം സംവിധാനം ഒരുക്കാനുള്ള നഗരസഭയുടെ നടപടി എങ്ങുമെത്തിയിട്ടില്ല. ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് സ്റ്റേജിനും പച്ചക്കറി സ്റ്റാളിനും ടാക്‌സി സ്റ്റാന്റിനുമായി 11 ലക്ഷംരൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ടെങ്കിലും അപകട നിലയിലായ പഴയ ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിച്ച് ആ സ്ഥലത്താണ് ഇവ നിര്‍മ്മിക്കേണ്ടത്. അതിനുള്ള നടപടിയും എങ്ങുമെത്തിയില്ല.
















