പയ്യന്നൂര്‍: പയ്യന്നൂരില്‍ നവജാത ശിശുവിനെ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. ആശുപത്രിയില്‍ പ്രസവം നടന്നതായുള്ള വ്യാജരേഖയുണ്ടാക്കി കുട്ടിയെ കൈമാറ്റം ചെയ്തു എന്ന സംഭവത്തിലാണ് നീലേശ്വരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. കുട്ടിയെ കൈമാറുന്നതിന് വ്യാജരേഖകളുണ്ടാക്കിയതിന്റെയും ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന്റെയും വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ചെറുവത്തൂര്‍ മടക്കര റോഡില്‍ കണ്ണങ്കൈ പൊള്ളയില്‍ താമസിക്കുന്ന മക്കളില്ലാത്ത ദമ്പതികള്‍ക്കാണ് മുപ്പത് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍പ്പന നടത്തിയത്. പൊള്ള സ്വദേശിയായ യുവതി 16 വര്‍ഷം മുമ്പ് തമിഴ്‌നാട് സ്വദേശിയായ യുവാവിനെ വിവാഹം ചെയ്ത് താമസിച്ചുവരികയാണ്. കഴിഞ്ഞദിവസം ഈ ദമ്പതികളുടെ കയ്യില്‍ കുട്ടിയെ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞമാസം 21 മുതല്‍ 26 വരെ പയ്യന്നൂര്‍ എല്‍ഐസി ഓഫീസിനടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിലാണ് യുവതി പ്രസവിച്ചതായി രേഖയുണ്ടാക്കിയത്. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ഇവര്‍ പ്രസവിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോക്ടറെ അടുത്ത ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് സൂചന. പിടിയിലായ ദമ്പതികളെ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചു. നേരത്തെ ഇവിടെ മറ്റൊരു ആശുപത്രിയുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ ഉണ്ടായിരുന്നു. ഈ കേസുകള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. അതിനിടയിലാണ് ആശുപത്രി അധികൃതരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന കൂട്ടുകെട്ടില്‍ പയ്യന്നൂരിലെ മറ്റൊരു ആശുപത്രിയില്‍ നവജാത ശിശു കൈമാറ്റം നടന്നത്.
















