കണ്ണൂര്‍: വാക് മൊഴിയായി കൈമാറിയ പുരാണങ്ങളും ഇതിഹാസങ്ങളും ആദ്യം എഴുതപ്പെട്ടത് ഓലകളിലായിരുന്നു. പേപ്പറിന്റെയും പേനയുടെയും കടന്നുവരവ് വരെ എല്ലാ എഴുത്തുകളും ഓലകളില്‍ത്തന്നെയായിരുന്നു. പരാമ്പര്യ രീതികളില്‍ സംസ്‌കരിച്ചെടുത്ത ഓലകളില്‍ രേഖപ്പെടുത്തിയ നിര്‍ണ്ണായകമായ രേഖകളും സാഹിത്യരചനകളും അതിന്റെ ഗരിമ അല്‍പം പോലും നഷ്ടപ്പെടാതെ തലമുറയില്‍ നിന്ന് തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. എന്നാല്‍ പിന്നീട് മനുഷ്യന്‍ പുരോഗമിക്കുന്നതിനെടൊപ്പം തന്നെ എഴുത്തിന്റെ മേഖലയും പുരോഗമിച്ചു. എന്നാല്‍ പെന്‍സിലും പേനയും മാറി നാം ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയപ്പോഴും പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിക്കാതെ ഓലയില്‍ ചിത്രം വരക്കുകയാണ് ഒറീസയിലെ ഒരു കൂട്ടം കലാകാരന്‍മാര്‍. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന ലോഹാര്‍ ശില്‍പശാലയിലാണ് പഴമയുടെ തനിമ അല്‍പം പോലും ചോര്‍ന്ന് പോകാതെ ചിത്രങ്ങള്‍ വരച്ച് പ്രദര്‍ശിപ്പിക്കുന്നത്. ഒറീസ്സയിലെ രഘുദാസ്പുര്‍ എന്ന പ്രദേശത്തെ സഹോദരങ്ങളായ കൈലാസ് നായിക്, അവകാഷ് നായിക് എന്നിവരാണ് പാരമ്പര്യത്തില്‍ നിന്ന് അല്‍പം പോലും വ്യതിചലിക്കാതെ ഇപ്പോഴും ഓലകളില്‍ ചിത്രങ്ങള്‍ വരക്കുന്നത്. പനയോലകള്‍ പാരമ്പര്യമായി സംസ്‌കരിച്ച് കൃത്രിമ കളര്‍ ഒന്നുംതന്നെ ഉപയോഗിക്കാതെയാണ് ചിത്രരചന. മൂന്ന് പാളികളായി കോര്‍ത്തിണക്കി ഓലയില്‍ ആദ്യം ഉളി ഉപയോഗിച്ച് വരച്ച ശേഷമാണ് ചിത്രത്തിന് ചായം നല്‍കുന്നത്. ദശാവതാരങ്ങളും, കൃഷ്ണ ലീലയും, ഗണപതിയും ഉള്‍പ്പടെ നിരവധി ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ ഇവര്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. കൃത്യമായി സൂക്ഷിച്ചാല്‍ എത്ര തലമുറകള്‍ കഴിഞ്ഞാലും ചിത്രങ്ങള്‍ നശിച്ചു പോകില്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. കൃത്രിമ ചായക്കൂട്ടുകള്‍ ഉപയോഗിക്കാതെയുള്ള ചിത്രങ്ങള്‍ ഈ സഹോദരങ്ങള്‍ക്ക് പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റയും ഭാഗം കൂടിയാണ്.
















