തിരുവനന്തപുരം: ഹൈടെക് വാഹനമോഷ്ടാവ് ബണ്ടി ചോറിന്റെ വിചാരണ തുടങ്ങി. ബണ്ടി ചോറിനെ സാക്ഷി തിരിച്ചറിഞ്ഞു. ഇന്നലെ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജഡ്ജി വി.കെ. രാജന്റെ മുമ്പാണ് വിസ്താരം തുടങ്ങിയത്. പരാതിക്കാരനായ വേണുഗോപാലിനെ ഇന്നലെ വിസ്തരിച്ചു. 2013 ജനുവരി 21ന് മുട്ടട ടി.കെ. ദിവാകരന്‍ റോഡിലെ വേണുഗോപാലിന്റെ വീട്ടില്‍ നിന്നും ആഡംബര കാറും മൊബൈലും പണവും മോഷ്ടിച്ചുവെന്നാണ് കേസ്. ജനുവരി 27ന് പൂനെയില്‍ നിന്നും ബണ്ടി ചോറിനെ പിടികൂടുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബണ്ടിചോര്‍ ജയിലിലാണ്.
ബണ്ടിചോറിനുവേണ്ടി ഹാജരായത് ഗോവിന്ദചാമിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ആളുരാണ്. ബണ്ടിചോര്‍ വാഹനം മോഷ്ടിച്ചതല്ലെന്നും പരാതിക്കാരന്റെ മകളുമായുള്ള സൗഹൃദംമൂലം വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ ബഹളം വയ്‌ക്കുകയും വീട്ടിനുപുറത്തുകിടന്ന ആഡംബര കാര്‍ റിമോട്ട് ഉപയോഗിച്ച് എടുത്തുകൊണ്ട് രക്ഷപ്പെടുകയുമായിരുന്നുവെന്നും പ്രതിക്ക് മോഷണ ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നുമായിരുന്നു ആളൂരിന്റെ വാദം.
















