ന്യൂദല്‍ഹി: അസാധുവായ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു. വലത് കൈയിലെ ചൂണ്ടുവിരലിലായിരിക്കും മഷി പുരട്ടുക. അക്കൗണ്ടുള്ള ബാങ്കുകളില്‍ നോട്ടുകള്‍ മാറ്റിയെടുക്കുമ്പോള്‍ മഷി പുരട്ടേണ്ടതില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
നോട്ടുമാറാൻ എത്തുന്നവർ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. വിരലില്‍ മഷി പുരട്ടുന്ന സംവിധാനം തെരഞ്ഞെടുത്ത നഗരങ്ങളിലെ ബാങ്കുകളില്‍ മാത്രമാണ് നടപ്പാക്കുക. ഇതിന് ആവശ്യമായ മഷി തെരഞ്ഞെടുപ്പ് കമ്മിഷനാകും എല്ലാ ബാങ്കുകളിലും എത്തിക്കുക.
ഒരാള്‍തന്നെ ഒന്നിലധികം തവണ ബാങ്കില്‍ അസാധു നോട്ട് മാറ്റാന്‍ എത്തുന്നുണ്ടെന്നുള്ള സംശയത്തെ തുടർന്നാണ് വിരലിൽ മഷി പുരട്ടുന്നത്. 4,500 രൂപ ബാങ്കില്‍ കൊടുത്ത് മാറ്റുന്ന മുറക്ക് വിരലില്‍ മഷി പുരട്ടിയാല്‍ മറ്റൊരാളുടെ പക്കലുമുള്ള കറന്‍സി നോട്ടുമാറ്റാന്‍ വീണ്ടും ഒരാള്‍ക്ക് ബാങ്കിലെത്താന്‍ കഴിയില്ല. ഇത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം തടയും.
ഈ മാസം 24 വരെ അയ്യായിരം രൂപയിലധികമുള്ള ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കലിന് പണം തിരികെ നല്‍കില്ലെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
















