ഷെവര്‍മ
വിഷക്കൂട്ടുകള്‍ വിളമ്പി ജനങ്ങളെ കൊലയ്‌ക്കുകൊടുക്കുന്ന സ്ഥാപനങ്ങള്‍ അനുദിനം തടിച്ചുകൊഴുക്കുകയാണ്. ന്യൂജന്‍ തലമുറയുടെയും ഒരുപരിധിവരെ പഴയതലമുറയുടെയും ഇഷ്ടഭോജ്യമായി മാറിയ ഷെവര്‍മ ആളെക്കൊല്ലിയായിട്ട് ഏറെ നാളായി. അതിന്റെ രുചിയും മണവും ആസ്വദിച്ചു കഴിക്കുന്നവര്‍ കാലന്റെവിസ വളരെ വേഗത്തില്‍ സ്വായത്തമാക്കുകയാണെന്ന് അറിയുന്നില്ല. ഒരു ഫാഷനായും പാഷനായും ആ പദാര്‍ഥം ആഹാരങ്ങളുടെ കൂട്ടത്തില്‍ കൊടിക്കൂറപാറിച്ച് ഗര്‍വ് കാട്ടുകയാണ്. എന്നാല്‍ അത് ഉണ്ടാക്കിയെടുക്കാന്‍ ഉപയോഗിക്കുന്നസാധനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് വേണ്ടത്ര ബോധ്യമില്ല. അതുകൊണ്ടുതന്നെ റസ്റ്ററന്റുകളിലെ ആദരണീയസ്ഥാനം അത് നേടുകയും ചെയ്യുന്നു.
അടുത്തിടെ കോഴിക്കോട് നഗരത്തോട് ചേര്‍ന്നും നാദാപുരത്തിനടുത്തും പോത്തുള്‍പ്പെടെയുള്ള മൃഗങ്ങളുടെ ആന്തരികാവയങ്ങള്‍ ഉപ്പിട്ടുസൂക്ഷിച്ചത് കണ്ടെത്തിയിരുന്നു.
രഹസ്യവിവരത്തെതുടര്‍ന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും ഭക്ഷ്യവകുപ്പ് അധികൃതരും നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന കാഴ്ചകളാണ് കണ്ടത്. അറവിനുപയോഗിക്കുന്ന കന്നുകാലികളുടെ ആന്തരികാവയവങ്ങള്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്ലാസ്റ്റിക് വീപ്പകളില്‍ ഉപ്പുലായനികളില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് ഉണക്കിപ്പൊടിച്ച് ഷെവര്‍മപോലുള്ള വസ്തുക്കളില്‍ ചേര്‍ക്കുകയാണത്രെ. കൊഴുപ്പും മൃദുത്വവും കിട്ടാന്‍ വേണ്ടിയാണ് ഈ ക്രൂരത. കോഴിക്കോട് നഗരത്തോട് ചേര്‍ന്നുകിടക്കുന്ന കൊളത്തറയിലെ മാട്ടുമ്മലില്‍ തെരച്ചില്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് അനവധി പ്ലാസ്റ്റിക് വീപ്പകളില്‍ ഇത്തരം മലിനവസ്തുക്കള്‍ കാണാന്‍ കഴിഞ്ഞു.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണമുണ്ടായത്. അറവുശാലകളില്‍ നിന്നെത്തിക്കുന്ന കന്നുകാലികളുടെ ആമാശയാവശിഷ്ടങ്ങള്‍ ഉപ്പിട്ടു സൂക്ഷിച്ച് കയറ്റി അയക്കുകയാണെന്നാണ് നടത്തിപ്പുകാര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് എന്തെങ്കിലും രേഖയോ കോര്‍പറേഷന്റെ ലൈസന്‍സോ ഇവര്‍ക്ക് ഹാജരാക്കാനായില്ല. അന്വേഷിക്കാനെത്തിയപ്പോള്‍ യഥാര്‍ത്ഥ ഉടമ ഓടിപ്പോവുകയും ചെയ്തു. നാട്ടുകാരും മറ്റും ചേര്‍ന്ന് ഉടമയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ വസ്തുതകള്‍ക്ക് നിരക്കാത്ത മറുപടിയാണ് നല്‍കിയത്. ഒരു വര്‍ഷത്തോളമായി ഇത് പുഴയോരത്ത് പ്രവര്‍ത്തിക്കുകയാണ്.സാധാരണഗതിയില്‍ ആര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലത്താണ് വന്‍തോതില്‍ മാംസാവശിഷ്ടങ്ങള്‍ ഒരുതരത്തിലുള്ള സുരക്ഷാസംവിധാനവുമില്ലാതെ സൂക്ഷിച്ചിരുന്നത്. ഇവ ഉണക്കിയ ശേഷം ചൈനയിലേക്ക് കയറ്റിയയക്കുകയാണെന്നാണ് ഉടമ പറയുന്നത്.
ഷെവര്‍മയില്‍ കേടായ മാംസം ചേര്‍ക്കുന്നുണ്ടെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഒരു പ്രധാന റസ്റ്ററന്റില്‍ നിന്ന് ഷെവര്‍മ കഴിച്ച ഗര്‍ഭിണിയുള്‍പ്പെടെയുള്ളവര്‍ ഭക്ഷ്യ വിഷബാധയേറ്റ് ഇപ്പോഴും ചികിത്സയും മറ്റുമായി കഴിയുകയാണ്. ഒന്നര വര്‍ഷം മുമ്പ് ഷെവര്‍മ പാര്‍സല്‍ വാങ്ങി ബെംഗളൂരുവിലേക്കുപോയ യുവാവ് അത് കഴിച്ച് ഛര്‍ദ്ദിച്ച് അവശനാവുകയും ഒടുവില്‍ മരണമടയുകയും ചെയ്തിരുന്നു. അതിനെതുടര്‍ന്ന് തല്‍ക്കാലം അധികൃതര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന തരത്തിലുള്ള അന്വേഷണമൊക്കെ നടത്തി. തുടരന്വേഷണമോ തെരച്ചിലോ ഇല്ലാതായതോടെ പൂര്‍വാധികം ശക്തിയോടെ ഈ വിഷക്കൂട്ടുള്ള ആഹാരം രംഗത്തെത്തി. ഇതു കഴിച്ചവര്‍ക്ക് ചെറിയ അസ്വസ്ഥതയും മറ്റും വരാന്‍ തുടങ്ങിയെങ്കിലും അത് കാര്യമാക്കിയില്ല. കഴിഞ്ഞയാഴ്ച ഒരു പ്രധാന റസ്റ്ററന്റില്‍ നിന്ന് ഇതു കഴിച്ചവര്‍ ഭക്ഷ്യബാധയ്‌ക്ക് ചികിത്സ തേടിയതോടെ വിഷയം സജീവ ചര്‍ച്ചയായി.
ഷെവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ നഗരത്തോട് ചേര്‍ന്നു കിടക്കുന്ന കോവൂരിലെ ഒജിന്‍ ബേക്‌സിന് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം ഒരുലക്ഷം രൂപ പിഴയിട്ടതാണ് ഇതില്‍ ആശ്വാസമായ നടപടി. അതോടെ സ്ഥിതിഗതകള്‍ അതീവ ഗൗരവം വന്നിരിക്കുകയാണ്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്ന ഇത്തരം ആഹാരപദാര്‍ഥങ്ങള്‍ വാങ്ങിക്കഴിക്കാന്‍ ജനങ്ങള്‍ അത്യുത്സാഹം കാണിക്കുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്.
ബൈപാസ് റോഡുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അരികില്‍ തല്‍ക്കാലികമായി കെട്ടിയുയര്‍ത്തുന്ന തട്ടുകടകളില്‍ ഇത്തരം ഭക്ഷ്യപദാര്‍ഥങ്ങള്‍ സുലഭമാണ്. യാത്രയില്‍ ഇവിടങ്ങളില്‍നിന്ന് ഭക്ഷണം കഴിച്ച് ആളുകള്‍ പോകുന്നതിനാല്‍ ഇതുസംബന്ധിച്ചുള്ള ഒരു പരാതിയും നിലനില്‍ക്കില്ല. ഇതാണ് ഇത്തരം ദ്രോഹികള്‍ക്ക് പ്രോത്സാഹനമാവുന്നത്. വൃത്തിയും വെടിപ്പുമുള്ള സംസ്ഥാനമെന്ന് ഖ്യാതി നേടിയിരുന്ന കേരളത്തിന് അതൊക്കെ വെറും ഓര്‍മകളാവുകയാണ്. പണത്തിനുവേണ്ടി എന്തും ചെയ്യാനും ഏതറ്റംവരെ പോകാനും തയാറാവുന്നവര്‍ ഇന്നത്തെയും നാളത്തെയും തലമുറയ്‌ക്ക് കൊടുംഭീഷണിയായിരിക്കുന്നു. ഇത്തരം വിഷക്കൂട്ട് വിളമ്പുന്നവര്‍ക്കുനേരെ ദാക്ഷിണ്യമില്ലാത്ത നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ടവകുപ്പും തയ്യാറാവണമെന്ന് ഓര്‍മിപ്പിക്കട്ടെ.
















