റിയൊ ഡി ജനീറൊ: ഒരു ചാമ്പ്യന്‍ഷിപ്പ് കൂടി അവശേഷിക്കെ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയിലെ കിരീട പോരാട്ടം ഫോട്ടൊ ഫിനിഷിലേക്ക്. ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ മെഴ്‌സിഡസിന്റെ നിക്കൊ റോസ്‌ബെര്‍ഗിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി സഹതാരം ലൂയി ഹാമില്‍ട്ടണ്‍ ഒന്നാമത്. ഇതോടെ, ഡ്രൈവേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ റോസ്‌ബെര്‍ഗുമായുള്ള വ്യത്യാസം 12 പോയിന്റാക്കി ചുരുക്കി ഹാമില്‍ട്ടണ്‍. 27ന് അബുദാബിയില്‍ സീസണിലെ അവസാന ചാമ്പ്യന്‍ഷിപ്പ്.
കനത്ത മഴക്കിടെ നടന്ന മത്സരത്തില്‍ മൂന്നു മണിക്കൂര്‍ ഒരു മിനിറ്റ് 1.335 സെക്കന്‍ഡിലാണ് ഹാമില്‍ട്ടണ്‍ ഫിനിഷ് ചെയ്തത്. ഇതിനേക്കാള്‍ 11.455 സെക്കന്‍ഡ് പിന്നില്‍ റോസ്‌ബെര്‍ഗ് മത്സരം പൂര്‍ത്തിയാക്കി. റെഡ് ബുള്ളിന്റെ മാക്‌സ് വെഴ്സ്റ്റപ്പന്‍ മൂന്നാമത്. ഫോഴ്‌സ് ഇന്ത്യയുടെ സെര്‍ജിയൊ പെരസ് നാലാമത്. മുന്‍ ലോക ചാമ്പ്യന്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ അഞ്ചാം സ്ഥാനത്ത്.
ഡ്രൈവര്‍മാരില്‍ 367 പോയിന്റുമായാണ് റോസ്‌ബെര്‍ഗ് ഒന്നാമത് തുടരുന്നത്. ഹാമില്‍ട്ടണിന് 355 പോയിന്റ്. മൂന്നാമതുള്ള റെഡ് ബുള്ളിന്റെ ഡാനിയല്‍ റിക്കിയാര്‍ഡൊ 246 പോയിന്റുമായി പിന്നില്‍. നിര്‍മാതാക്കളില്‍ മെഴ്‌സിഡസ് കിരീടമുറപ്പിച്ചു. 722 പോയിന്റ്. രണ്ടാമതുള്ള റെഡ് ബുള്ളിന് 446 പോയിന്റ്. ഫെരാരി (375), ഫോഴ്‌സ് ഇന്ത്യ (163) തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
















