ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ബ്രിട്ടനും ഫ്രാന്‍സും അടക്കമുളള രാഷ്ട്രങ്ങളുടെ ശക്തമായ പിന്തുണ. പുത്തന്‍ ആഗോള ശക്തികളുടെ പ്രതിഫലനം ലോകത്തെ ഏറ്റവും വലിയ സംഘടനയില്‍ ഉണ്ടാകണമെന്നും ഇവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അവസാനിച്ച പൊതുസഭയുടെ യോഗത്തില്‍, പതിനഞ്ചംഗ രക്ഷാസമിതിയുടെ പരിഷ്കാരങ്ങളെക്കുറിച്ച് 50ലേറെ പ്രതിനിധികള്‍ തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആശങ്കകളും കാഴ്ചപ്പാടുകളും പങ്ക് വച്ചു. ശാക്തിക രാജ്യങ്ങളായി ഉയര്‍ന്ന് വരുന്ന ബ്രസീല്‍, ജര്‍മനി, ഭാരതം, ജപ്പാന് തുടങ്ങിയ രാജ്യങ്ങളുടെ പ്രാതിനിധ്യം സമിതിയിലുണ്ടാകണമെന്നും പലരും ചൂണ്ടിക്കാട്ടി. എന്നാല്‍ ചില രാജ്യങ്ങള്‍ ഇതില്‍ അസഹിഷ്ണുതയും പ്രകടിപ്പിച്ചു.
രക്ഷാസമിതി വിപുലീകരിക്കണമെന്നാണ് യോഗത്തില്‍ സംസാരിച്ച ബ്രിട്ടന്റെ സ്ഥിരം പ്രതിനിധി മാത്യു റിക്രോഫ്റ്റ് അഭിപ്രായപ്പെട്ടത്. സ്ഥിരാംഗങ്ങളുടെയും അസ്ഥിരാംഗങ്ങളുടെയും അംഗസംഖ്യ വര്‍ദ്ധിപ്പിക്കണം. അംഗത്വം വര്‍ദ്ധിപ്പിക്കുന്നതിലൂടെ പ്രാതിനിധ്യ സന്തുലനം ഫലപ്രദമായി നടപ്പാക്കാനുമാകും. കഴിഞ്ഞയാഴ്ച ഭാരതം സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും ഇക്കാര്യത്തിന് തന്നെയാണ് പ്രധാനമന്ത്രി മോദിയുമായുളള കൂടിക്കാഴ്ചയില്‍ ആദ്യ പരിഗണന നല്‍കിയത്.
വിലക്കധികാര പ്രയോഗത്തില്‍ നിന്ന് അഞ്ച് സ്ഥിരാംഗങ്ങളും വിട്ട് നില്‍ക്കുന്നതാണ് കൂടുതല്‍ കുഴപ്പങ്ങളുണ്ടാകാതിരിക്കാന്‍ നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമിതി പരിഷ്കരണം അത്യാവശ്യ സംഗതിയാണെന്ന് യോഗത്തില്‍ സംസാരിച്ച ഐക്യരാഷ്ട്രസഭയിലെ ജര്‍മന്‍ സ്ഥാനപതി ഹരാള്‍ഡ് ബ്രൗണ്‍ പറഞ്ഞു. ബ്രസീല്‍, ഭാരതം, ജപ്പാന്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി4ന് വേണ്ടിയാണ് അദ്ദേഹം നിലപാട് കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: