ഗ്രനേഡ: ലോകകപ്പ് ഫുട്ബോള്‍ യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ വന്‍ ജയത്തോടെ മുന്‍ ചാമ്പ്യന്മാര് സ്പെയ്നും ഇറ്റലിയും യോഗ്യതയ്ക്ക് ഒരുപടി കൂടി അടുത്തു. സ്പെയ്ന്‍ എതിരില്ലാത്ത നാലു ഗോളിന് മാസിഡോണിയയെ തകര്‍ത്തപ്പോള്‍, ഇറ്റലി ഇതേ സ്കോറിന് ലിച്ചെന്‍സ്റ്റെയ്നെ മുക്കി.
ഗ്രൂപ്പ് ജിയില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ എതിരാളികളെ നിഷ്പ്രഭമാക്കി സ്പെയ്ന്‍. 34ാം മിനിറ്റില്‍ ഡാര്ക്കൊ വെല്കോസ്കിയുടെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ സ്പെയ്ന്‍ ആദ്യ പകുതി ഈ ലീഡില്‍ അവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണോത്സുകത പ്രകടിപ്പിച്ച ആതിഥേയര്‍, വിറ്റൊലൊ (63), നാച്ചൊ മോണ്റയല് (84), അദുരിസ് (85) എന്നിവരിലൂടെ വന്‍ ജയം സ്വന്തമാക്കി.
ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ എവേ മത്സരത്തിലാണ് ഇറ്റലി ജയിച്ചു കയറിയത്. ആന്ദ്രെ ബെലോടെല്ലിയുടെ ഇരട്ട ഗോള്‍ ജയത്തിന്റെ പകിട്ട്. 11, 44 മിനിറ്റുകളില്‍ ബെലോടെല്ലി സ്കോര്‍ ചെയ്തു. 12ാം മിനിറ്റില്‍ സിറൊ ഇമ്മൊബൈലും 32ാം മിനിറ്റില്‍ അന്റോണിയൊ കന്‍ഡ്രേവയും ലക്ഷ്യം കണ്ടു. ആദ്യ പകുതിയില്‍ നാല് ഗോള്‍ ലീഡ് നേടിയ അസൂറികള്‍, രണ്ടാം പകുതിയില്‍ കളി തണുപ്പിച്ചതോടെ കൂടുതല്‍ ഗോളെത്തിയില്ല.
ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ ഇസ്രയേല്‍ എതിരില്ലാത്ത മൂന്നു ഗോളിന് അല്‍ബേനിയയെ കീഴടക്കി. എറാന്‍ സഹാവി (18), ഡാന്‍ എയ്ന്ബൈന്ഡര് (66), എലിറാന്‍ അതാര് (83) എന്നിവര്‍ ഇസ്രയേലിനായി ലക്ഷ്യം കണ്ടു. ഗ്രൂപ്പില്‍ പത്ത് പോയിന്റുമായി സ്പെയ്ന്‍ മുന്നില്‍. ഇറ്റലിക്കും ഇതേ പോയിന്റെങ്കിലും ഗോള്‍ ശരാശരി സ്പാനിഷ് പടയ്ക്ക് തുണ. ഒമ്പത് പോയിന്റുമായി ഇസ്രയേല്‍ മൂന്നാമത്.
ഗരത് ബെയ്ലിന്റെ വെയ്ല്‍സിന് സമനില. ഗ്രൂപ്പ് ഡിയില്‍ സെര്‍ബിയയാണ് വെയ്ല്‍സിനെ തളച്ചത്. 30ാം മിനിറ്റില്‍ ഗരത് ബെയ്ല് ടീമിനെ മുന്നിലെത്തിച്ചെങ്കിലും, 85ാം മിനിറ്റില്‍ അലെക്സാണ്ടര്‍ മിട്രൊവിച്ചിലൂടെ സെര്‍ബിയ സമനില പിടിച്ചു. ഇതേ ഗ്രൂപ്പില്‍ ഐറിഷ് റിപ്പബ്ലിക്ക് 1-0ന് ഓസ്ട്രിയയെ കീഴടക്കി. ജയിംസ് മക്ലീന് സ്കോറര്‍.
ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ജോര്‍ജിയയും മള്‍ഡോവയും സമനിലയില്‍ പിരിഞ്ഞു (1-1). ഗ്രൂപ്പില്‍ 10 പോയിന്റുമായി അയര്‍ലന്‍ഡ് മുന്നില്‍. സെര്‍ബിയ (എട്ട്), വെയ്ല്‍സ് (ആറ്) പിന്നാലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: