കോയമ്പത്തൂര്‍: ആദ്യ ദിനങ്ങളില്‍ കിതച്ചും പിന്നീട് കുതിച്ചും ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ നാലാം ദിനം കേരളം മുന്നില്‍. 400 മീറ്റര്‍ ഹര്‍ഡില്‍സ്, മെഡ്ലെ റിലേ, 4-100 മീറ്റര്‍ റിലേ എന്നിവയിലെ മികച്ച പ്രകടനമാണ് ഒന്നാം സ്ഥാനത്തെത്തിച്ചത്. 16 സ്വര്‍ണം, 11 വെള്ളി, 17 വെങ്കലമടക്കം 330 പോയിന്റ്. ഇന്നലെ മാത്രം എട്ട് സ്വര്‍ണം, രണ്ട് വെള്ളി, നാല് വെങ്കലം നേടി. രണ്ടാം സ്ഥാനത്തുള്ള ഹരിയാനക്ക് 324 പോയിന്റ്. 308 പോയിന്റുമായി ആതിഥേയരായ തമിഴ്നാട് മൂന്നാമത്.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അനുമോള്‍ തമ്പി, ഈ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എസ്. അര്‍ഷിത, അണ്ടര്‍ 20 വനിതകളുടെ ഹൈജമ്പില്‍ ലിബിയ ഷാജി, അണ്ടര്‍ 20 വനിതകളുടെ ഹെപ്റ്റാത്തലണില്‍ അലീന വിന്‍സെന്റ്, അണ്ടര്‍ 20 പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തോമസ് മാത്യു, അണ്ടര്‍ 16 ആണ്-പെണ് മെഡ്ലെ റിലേ ടീം, അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേ ടീം എന്നിവരാണ് പൊന്നണിഞ്ഞത്.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ 5.82 മീറ്റര്‍ ചാടി ആല്‍ഫി ലൂക്കോസ്, 4-100 മീറ്റര്‍ റിലേ ടീം എന്നിവര്‍ക്ക് വെള്ളി. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കെ.യു. ജെസാന്, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എന്‍.എസ്. അക്ഷയ്, ഇതേ വിഭാഗം പെണ്‍കുട്ടികളില്‍ അനില വേണു, പെണ്‍കുട്ടികളുടെ 1000 മീറ്റര്‍ മെഡ്ലെ റിലേ ടീം വെങ്കലം നേടി.
ഇന്നലെ പിറന്നത് മൂന്ന് മീറ്റ് റെക്കോഡുകള്‍. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അനുമോള്‍ തമ്പി, അണ്ടര്‍ 20 പെണ്‍കുട്ടികളുെട 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തമിഴ്നാടിന്റെ എം. ലോഗനായകി, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കര്‍ണാടകയുടെ മേഘന ദേവാംഗ എന്നിവര്‍ മീറ്റ് റെക്കോഡിന് ഉടമകള്‍.
റെക്കോഡ് മികവില്‍ അനുമോള്‍
നാലാം ദിനം കേരളത്തിന്റെ തുടക്കം സ്വര്‍ണത്തിലൂടെ, അതും മീറ്റ് റെക്കോഡിലൂടെ. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അനുമോള്‍ തമ്പിയാണ് മീറ്റ് റെക്കോഡോടെ പൊന്നണിഞ്ഞത്(10:02.58). 2003-ല്‍ തമിഴ്നാടിന്റെ ബി. മഹേശ്വരി സ്ഥാപിച്ച 10:09.46 മിനിറ്റിന്റെ റെക്കോഡ് മറികടന്നു.
അനുമോള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ അസമിന്റെ സവിത പാല് (10:02.65 മിനിറ്റ്) വെള്ളിയും തമിഴ്നാടിന്റെ കീര്‍ത്തിക. കെ വെങ്കലവും നേടി. തുടക്കം മുതല്‍ ഒരുമിച്ച് കുതിച്ച ഇരുവരും അവസാനിപ്പിച്ചതും ഒരേ സമയത്ത്. ഫോട്ടോഫിനിഷിലാണ് സവിതയെ അനുമോള്‍ പിന്തള്ളിയത്.
ഈയിനത്തില്‍ ദേശീയ റെക്കോഡും അനുമോളുടെ പേരില്‍. ഈവര്‍ഷമാദ്യം ദേശീയ യൂത്ത് മീറ്റില്‍ 10:00.22 മിനിറ്റില്‍ ഓടിയെത്തി അനുമോള്‍ മികച്ച സമയം കുറിച്ചു. കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്കൂള്‍ മീറ്റില്‍ റെക്കോഡോടെ സ്വന്തമാക്കിയ 9:41 മിനിറ്റ് ഈ പതിനേഴു വയസുകാരിയുടെ മികച്ച പ്രകടനം. എറണാകുളം കോതമംഗലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. നിരവധി ദേശീയ ജൂനിയര്‍, യൂത്ത് മീറ്റുകളില്‍ മെഡലുകള്‍ നേടിയിട്ടുള്ള അനുമോള്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ യൂത്ത് മീറ്റില്‍ വെങ്കലവും നേടി.
പിതാവിന്റെ സംരക്ഷണയിലല്ലാതെ വളര്‍ന്ന അനുമോളെ, അമ്മ ഷൈനി നാട്ടിലെ സ്കൂളില്‍ കഞ്ഞിവച്ചും, സാമ്പത്തിക ബുദ്ധിമുട്ടു കാരണം പഠിത്തം ഉപേക്ഷിച്ച് 17-ാം വയസില്‍ ടൈല്‍സ് പണിക്കിറങ്ങിയ ചേട്ടനും ചേര്‍ന്നാണ് വളര് ത്തുന്നത്. ഇടുക്കി കമ്പിളിക്കണ്ടം പാറത്തോട് കളത്തില്‍ വീട്ടില്‍ ഷൈനിയാണ് അനുമോളുടെ അമ്മ. സഹോദരന് ബേസില്‍. വാടക വീട്ടിലാണ് കുടുംബം കഴിയുന്നത്. വീടുവെച്ചുനല്‍കാമെന്ന് പഞ്ചായത്ത് ഉള്‍പ്പെടെ വാഗ്ദാനം ചെയ്തെങ്കിലും അതൊന്നും നടപ്പിലായില്ല.
മുന്നേറാന്‍ ഹര്‍ഡില്‍സും തുണച്ചു
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ രണ്ട് സ്വര്‍ണവും രണ്ട് വെങ്കലവും. 18 വയസിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലാണ് നേട്ടം.
അണ്ടര്‍ 18 ആണ്‍കുട്ടികളില്‍ തോമസ് മാത്യു 53.89 സെക്കന്‍ഡില്‍ ഒന്നാമതെത്തി. എന്‍.എസ്. അക്ഷയ് വെങ്കലവും നേടി. പെണ്‍കുട്ടികളില്‍ എസ്. ഹര്‍ഷിത 1.03.77 സെക്കന്‍ഡില്‍ പൊന്നണിഞ്ഞു. അനില വേണു വെങ്കലം നേടി.
അതേസമയം, സീനിയര്‍ വിഭാഗത്തില്‍ ഉറച്ച രണ്ട് സ്വര്‍ണം കേരളത്തിന് നഷ്ടം. അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ വി.കെ. വിസ്മയയും ആണ്‍കുട്ടികളില്‍ അനിലാഷ് ബാലനും ആദ്യ കടമ്പകളില്‍ തട്ടി വീണു. ഹീറ്റ്സില്‍ അനിലാഷ് ഏറ്റവും മികച്ച സമയം കുറിച്ചു.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ലിബിയ ഷാജി 1.71 മീറ്റര്‍ ചാടി പൊന്നണിഞ്ഞു.
സീനിയര്‍ പെണ്‍കുട്ടികളുടെ ഹെപ്റ്റാത്തലണില്‍ 4303 പോയിന്റ് നേടി അലീന വിന്‍സെന്റ് സ്വര്‍ണം നേടി.
റിലേയില്‍ തിളങ്ങി
അണ്ടര്‍ 16, 18 വിഭാഗം മെഡ്ലെ റിലേയില്‍ കേരളത്തിന് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും. അണ്ടര്‍ 16 ആണ്-പെണ് വിഭാഗത്തിലായിരുന്നു സ്വര്‍ണനേട്ടം.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അരുണ്‍. എ.സി, അഭിനവ്. സി, റിതിന് അലി. കെ, അഭിഷേക് മാത്യു എന്നിവരടങ്ങിയ ടീം 1:58.18 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി. ഹരിയാന വെള്ളിയും തമിഴ്നാട് വെങ്കലവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അപര്‍ണ റോയ്, അഞ്ജലി. പി.ഡി, സൂര്യമോള്‍. ടി, ആദിത്യ. കെ.ടി എന്നിവരാണ് 2 മിനിറ്റ് 16.08 സെക്കന്‍ഡില്‍ സ്വര്‍ണമണിഞ്ഞത്.
എന്നാല്‍, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ മെഡ്ലേ റിലേയില്‍ കേരളത്തെ ബാറ്റണ്‍ ചതിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ വെങ്കലം കൊണ്ടു തൃപ്തിപ്പെട്ടു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദ്യത്തെ ബാറ്റണ്‍ കൈമാറ്റത്തിലെ പിഴവിലാണ് തിരിച്ചടിയായത്.
മത്സരം പൂര്‍ത്തിയാക്കാതെ കേരള താരങ്ങള്‍ ട്രാക്കില്‍ നിന്നു തിരിച്ചു കയറി. പെണ്‍കുട്ടികളുടെ വിഭാഗത്തിലും ബാറ്റണ്‍ കൈമാറ്റം മികച്ചതാക്കാനായില്ല. ആദ്യ രണ്ട് ലാപ്പുകളിലും ഓടിയ മൃദുലയും നിഭയും സബിത സജുവും താരങ്ങള്‍ ഏറെ പിന്നിലായെങ്കിലും അവസാന 400 മീറ്ററില്‍ കുതിച്ച ലിനറ്റ് ജോര്‍ജ് കേരളത്തിന് വെങ്കലം സമ്മാനിച്ചു. അവസാന 100 മീറ്റര്‍ വരെ ലിനറ്റ് തമിഴ്നാട് താരത്തിനൊപ്പം പോരാടി. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി,
സീനിയര്‍ ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ കേരളം പൊന്നണിഞ്ഞെങ്കിലും പെണ്‍കുട്ടികള്‍ വെള്ളി കൊണ്ട് തൃപ്തരായി.
തമിഴ്നാടിന്റെ വെല്ലുവിളി മറികന്നാണ് മുഹമ്മദ് സാദത്ത്, മുഹമ്മദ് അജ്മല്‍, അക്ഷയ്കുമാര്‍, പ്രണവ് കെ.എസ് എന്നിവരടങ്ങിയ ടീം 41.50 സെക്കന്‍ഡില്‍ പൊന്നണിഞ്ഞത്. 41.93 സെക്കന്‍ഡില്‍ തമിഴ്നാട് ഫിനിഷ് ലൈന്‍ കടന്നു. പെണ്‍കുട്ടികളുടെ റിലേയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയെങ്കിലും അവസാന ലാപ്പില്‍ തമിഴ്നാട് താരം നടത്തിയ അതിമനോഹര ഫിനിഷിങ്ങില്‍ കേരള താരത്തിന് ചുവടു പിഴച്ചു.
47.92 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന തമിഴ്നാട് സ്വര്‍ണം നേടിയപ്പോള്‍ 48.07 സെക്കന്‍ഡില്‍ കേരളം വെള്ളി നേടി. വിനയ്. പി.വി, നിത്യമോള്‍. എം, അലീന ജോണ്സണ്, ജില്‍ന. എം.വി എന്നിവരാണ് കേരളത്തിനായി ട്രാക്കലിറങ്ങിയത്. കര്‍ണാടകയ്ക്ക് വെങ്കലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: