തിരുവനന്തപുരം: നോട്ട് നിരോധനത്തെ കുറിച്ചും കള്ളപ്പണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകള്‍ നിരുത്തരവാദപരമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്.
റിലയന്‍സിന്റെ പക്കലുള്ള കള്ളപ്പണത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമായ വിവരങ്ങളുണ്ടെങ്കില്‍ അദ്ദേഹം അത് സാമ്പത്തിക കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സികളെ അറിയിക്കണം. നോട്ട് അസാധുവാക്കല്‍ തീരുമാനം റിലയന്‍സിന് നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയെന്നും കള്ളപ്പണം അവര്‍ വെളുപ്പിച്ചെന്നുമൊക്കെയുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ഇതിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടെങ്കില്‍ അദ്ദേഹം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും മുരളീധരന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കള്ളപ്പണം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കമാണ്. ഭരണത്തിലേറി നാലുമാസമായിട്ടും പാഠപുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ സാധിക്കാത്തവരാണ് നാലുദിവസം പണം എത്തിച്ചില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്.
എടിഎമ്മില്‍ സാങ്കേതികമാറ്റം വരുത്താനുള്ള സ്വാഭാവിക സമയമാണ് ഇപ്പോള്‍ എടുക്കുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത് കള്ളപ്പണക്കാരെ സഹായിക്കാനാണ്. ജനങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിക്കാന്‍ ചില ബാങ്ക് ഉദ്യോഗസ്ഥരും ശ്രമിക്കുന്നുണ്ടെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: