ന്യൂയോര്‍ക്ക്: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന് കരുതുന്നെങ്കിലും എച്ച് വണ്‍ ബി വിസയുടെ കാര്യത്തില്‍ ഇടപാട് സുഖകരമായിരിക്കില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കമ്പ്യൂട്ടര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് യുഎസ് നല്കുന്ന എച്ച് വണ്‍ ബി വിസ 86 % ലഭിക്കുന്നത് ഇന്ത്യക്കാര്‍ക്കാണ്. അമേരിക്കക്കാര്‍ക്ക് ജോലി സംരക്ഷണമുറപ്പാക്കുക എന്ന ട്രംപിന്റെ നയം ഈ വിസയെ ബാധിക്കാനിടയുണ്ടെന്ന് പ്രമുഖ ഏഷ്യന്‍ പഠന-വിശകലന കേന്ദ്രമായ ഹെറിറ്റേജ് ഫൗണ്ടേഷനിലെ വിശകലന വിദഗ്ധ ലിസ കര്‍ട്ടിസ് അഭിപ്രായപ്പെടുന്നു. യുഎസ്-ഇന്ത്യാ ബന്ധം ഇപ്പോള്‍ മികച്ചതാണ്. പല രംഗത്തും ഇന്ത്യക്കാരുടെ സാന്നിദ്ധ്യം യുഎസ് നേട്ടത്തിന് കാരണമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ആശങ്കകളുണ്ടെന്നാണ് വിലയിരുത്തല്‍.
ഇന്‍ഫോസിസ്, ടിസിഎസ് അടക്കമുള്ള ഔട്ട്സോഴ്സിങ് കമ്പനികളിലാണ് ഈ വിസകളിലെത്തുന്നവര്‍ക്ക് ജോലി. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ചൈനക്കാരാണ്, 5 % മാത്രം. എന്‍ജിനീയര്‍മാര്‍ക്കുള്ള എച്ച് വണ്‍ ബി വിസകള്‍ ലഭിക്കുന്നതിലും ഇന്ത്യക്കാരാണു മുന്നില്‍.
വന്‍ കമ്പനികള്‍ക്ക് മികച്ച സാങ്കേതിക വിദഗ്ധരെ കണ്ടെത്തി നിയമിക്കാമെന്ന് ട്രംപ് പറയുമ്പോഴും എച്ച് വണ്‍ ബി വിസയുടെ ദുരുപയോഗം തടയണമെന്നും ആവശ്യപ്പെടുന്നുണ്ട്. നിയമങ്ങളിലും വ്യവസ്ഥകളിലും ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് ഇതിന്റെ സൂചന. ഇത് ഇന്ത്യയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമാകാം, കര്‍ട്ടിസ് ചൂണ്ടിക്കാണിക്കുന്നു.
പ്രചാരണ വേളയില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായി ഒട്ടേറെ അഭിപ്രായങ്ങള്‍ പറഞ്ഞതാണ് ആശ്വാസം. പാക്കിസ്ഥാനോട്, ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ള ട്രംപിന് ഇന്ത്യയോടു കൂടുതല്‍ താല്പര്യം ഉണ്ടാകാമെന്നും കര്‍ട്ടിസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: