പള്ളുരുത്തി: തോപ്പുംപടി ഹാര്‍ബര്‍ പാലത്തിന് നടുവില്‍ ഓടിക്കൊണ്ടിരുന്ന കാറിനു് തീപിടിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.45 ഓടെയായിരുന്നു സംഭവം. നസ്രത്ത് സ്വദേശി നെടുംപുറത്ത് ലോറന്‍സിന്റെ മാരുതി സിഫ്റ്റ് ഡിസൈഡര്‍ കാറിലാണ് തീ പടര്‍ന്നത്. ബാംഗഌരില്‍ നിന്നും നെടുമ്പാശ്ശേരിഎയര് പോര്‍ട്ടിലെത്തിയ ലോറന്‍സിനേയും കുടുംബത്തേയും കൊണ്ടു വരുന്നതിനായി ഡ്രൈവര്‍ ആന്റണി തോപ്പുംപടിയില്‍ നിന്നും പുറപ്പെടുമ്പോഴാണ് അപകടം സംഭവിക്കുന്നത.് ഹാര്‍ബര്‍ പാലത്തിന് മദ്ധ്യത്തില്‍ എത്തിയപ്പോള്‍ കാറില്‍ എന്തോ കരിയുന്ന ഗന്ധം അനുഭവപ്പെട്ട് ബോണറ്റ് തുറന്നപ്പോള്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നുവെന്ന് ആന്റണി പറഞ്ഞു. തീപടര്‍ന്നതും ഡ്രൈവര്‍ ഓടി മാറിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. അതിവേഗം തീ പടര്‍ന്നു പിടിച്ചതായും ദൃക്സാക്ഷികള്‍ പറയുന്നു. എ സി യില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. ഈ സമയം ഇരുവശത്തുനിന്നും പാലത്തിലേക്ക് വാഹനങ്ങള്‍ കടന്നു വരുന്നുണ്ടായിരുന്നു. വാഹനങ്ങള്‍ നാട്ടുകാര്‍ ഇടപെട്ട് നിയന്ത്രിക്കുകയായിരുന്നു. ഇതിനിടയില്‍ മട്ടാഞ്ചേരിയില്‍ നിന്നും കൊച്ചി തുറമുഖത്തു നിന്നും ഫയര്‍ഫോഴ്സ് എത്തിയെങ്കിലും പാലത്തിന് ഇരുവശത്തും സ്ഥാപിച്ചിരുന്ന ക്രോസ് ബാര്‍ മൂലം ഫയര്‍ഫോഴ്സ് സംഘത്തിന് കടന്നു വരാന്‍ കഴിഞ്ഞില്ല. പിന്നീട് പാലത്തിന്റെ മദ്ധ്യം വരെ ഓസ് വലിച്ചാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഫയര്‍ഫോഴ്സിന് സംഭവസ്ഥലത്ത് എത്താന്‍ കഴിയാതിരുന്നതുമൂലം കാര്‍ പൂര്‍ണ്ണമായും കത്തിയമരുകയായിരുന്നു. ഫയര്സ്റ്റേഷന് ഓഫീസര്‍ കെ ജെ തോമാസ് ,ഇന്‍ ചാര്‍ജ് വിനോദ് കുമാര്‍ ,അനില്‍കുമാര്‍, എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പള്ളുരുത്തി സി ഐ കെ.ജി അനീഷിന്റെ നേതൃത്വത്തില്‍ തോപ്പുംപടി എസ് ഐ സി.വിനുവും സംഘവും സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: