കോയമ്പത്തൂര്‍: ആദ്യ ദിനങ്ങളില്‍ കിതച്ച കേരള എക്സ്പ്രസ്സിന് മൂന്നാം ദിനം ശരേവഗം. ഇന്നലെ മാത്രം നാല് സ്വര്‍ണം, അഞ്ച് വെള്ളി, എട്ട് വെങ്കലം നേടി കേരള താരങ്ങള്‍. ഇതോടെ എട്ട് സ്വര്‍ണം, ഒമ്പത് വെള്ളി, 13 വെങ്കലവുമടക്കം 219 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 14 സ്വര്‍ണം, ആറ് വെള്ളി, ആറ് വെങ്കലമടക്കം 224 പോയിന്റുമായി ഹരിയാന ഒന്നാം സ്ഥാനത്ത്. 188 പോയിന്റുള്ള തമിഴ്നാട് മൂന്നാമത്, 151 പോയിന്റുമായി ഉത്തര്‍പ്രദേശ് നാലാം സ്ഥാനത്ത്.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 5,000 മീറ്റര്‍ നടത്തത്തില്‍ സി.കെ. ശ്രീജ, പോള്‍വോള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡോടെ നിവ്യ ആന്റണി, അണ്ടര്‍ 16 പെണ്‍കുട്ടികളുെട 400 മീറ്ററില്‍ സൂര്യമോള്‍, 20 വയസിന് താഴെയുള്ളവരുടെ ട്രിപ്പിള്‍ ജമ്പില്‍ അലീന ജോസ് എന്നിവരാണ് ഇന്നലെ കേരളത്തിനായി പൊന്നണിഞ്ഞത്.
അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ നടത്തത്തില്‍ ഷാനി പൗലോസ്, അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ടി. ആരോമല്‍, അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ലിനറ്റ് ജോര്‍ജ്, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ അഭിനവ്. സി, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ സ്പ്രിന്റില്‍ ജില്‍ന. എം.വി എന്നിവര്‍ വെള്ളി മെഡല്‍ ജേതാക്കള്‍. ട്രിപ്പിള്‍ ജമ്പില്‍ ആല്‍ഫി ലൂക്കോസിന് വെങ്കലം.
മീറ്റിലെ വേഗതയേറിയ താരങ്ങള്‍ ആണ്‍കുട്ടികളില്‍ തെലങ്കാനയുടെ സുധാകര്‍, പെണ്‍കുട്ടികളില്‍ തമിഴ്നാടിന്റെ വി. രേവതി. സുധാകര്‍ 10.66 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍, രേവതി 12.24 സെക്കന്‍ഡില്‍ ഓടിയെത്തി.
അണ്ടര്‍ 14 ആണ്‍കുട്ടികളില്‍ മഹാരാഷ്ട്രയുടെ സായ്രാജ് ലോഥേ, പെണ്‍കുട്ടികളില്‍ കര്‍ണാടകയുടെ വര്‍ഷ. വി, അണ്ടര്‍ 16 ല്‍ ദല്‍ഹിയുടെ എസ്. ബാദല്‍, പെണ്‍കുട്ടികളില്‍ തമിഴ്നാടിന്റെ ആര്. ഗിരിധര, അണ്ടര്‍ 18 ല്‍ തമിഴ്നാടിന്റെ ബി. നിതിന്‍, പെണ്‍കുട്ടികളില്‍ തെലങ്കാനയുടെ ജി. നിത്യ, വേഗതയേറിയ താരങ്ങള്‍.
മീറ്റിന്റെ മൂന്നാം ദിനമായ ഇന്നലെ ആറ് റെക്കോഡുകള്‍ പിറന്നു. ഇതോടെ മൂന്നു ദിനങ്ങളിലായി ആകെ 13 ദേശീയ റെക്കോഡുകളാണ് സൃഷ്ടിക്കപ്പെട്ടത്.
സുവര്‍ണ നേട്ടത്തിലും ശ്രീജയ്ക്ക് ആശങ്ക
സ്വര്‍ണനേട്ടത്തില്‍ ആഹ്ലാദിക്കാനുള്ള മാനസികാവസ്ഥയിലല്ല സി.കെ. ശ്രീജ. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 5,000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ ശ്രീജയെ നാട്ടില്‍ കാത്തിരിക്കുന്നത് ജപ്തി ഭീഷണി.
ആകെയുള്ള നാല് സെന്റ് സ്ഥലത്തിന്റെ ജപ്തി നോട്ടീസ് കഴിഞ്ഞ ദിവസം ശ്രീജയുടെ വീട്ടിലെത്തി. മക്കളുടെ പഠനത്തിനായി സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തിയിരുന്നു. പാലക്കാട് ഭൂപണയ ബാങ്കിലും പുതുപ്പരിയാരം കോ ഓപ്പറേറ്റീവ് ബാങ്കിലുമായി നാല് ലക്ഷത്തോളം രൂപയാണ് ബാധ്യത. 15 ന് മുന്‍പ് പണമടച്ചില്ലെങ്കില്‍ ജപ്തി നടപടിയുമായി മുനന്നോട്ടു പോകുമെന്നാണ് ബാങ്കുകളുടെ നിലപാട്.
കൂലിത്തൊഴിലാളികളായ മുണ്ടൂര്‍ നെച്ചിപ്പുളളി തലക്കാട് പറമ്പില്‍ കൃഷ്ണകുമാര്‍-ഭാഗ്യലക്ഷ്മി ദമ്പതികളുടെ ഇളയ മകളാണ് ശ്രീജ. ഇവര്‍ക്ക് കിട്ടുന്ന ചെറിയ വരുമാനമാണ് കുടുംബത്തിന് ആശ്രയം. ഇതിനിടെ ലോണ്‍ അടച്ചു തീര്‍ത്ത് ജപ്തി നടപടി എങ്ങിനെ ഒഴിവാക്കമെന്നറിയാതെ വിഷമിക്കുന്നു കുടുബം.
സ്കൂള്‍ മീറ്റുകളിലെ മിന്നുംതാരമായ ഇ. വൈദേഹി അയോഗ്യയാക്കപ്പെട്ടതോടെയാണ് 26:21.80 സെക്കന്‍ഡില്‍ ശ്രീജ പൊന്നണിഞ്ഞത്. മത്സരം അവസാനിക്കാന്‍ രണ്ട് റൗണ്ട് മാത്രം ബാക്കിനില്‍ക്കെ വൈദേഹിയെ അയോഗ്യയാക്കി. പാലക്കാട് മുണ്ടൂര്‍ എച്ച്എസ്എസിലെ വിദ്യാര്‍ഥിനികളാണ് വൈദേഹിയും ശ്രീജയും.
ഉയരെ ഉയരെ നിവ്യ
ഉയരങ്ങള്‍ കീഴടക്കി നിവ്യ ആന്റണി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ നിവ്യ ആന്റണി ദേശീയ റെക്കോഡ് സ്വന്തമാക്കി പൊന്നണിര്ഡാണിത്. ഉയരങ്ങള്‍ കീഴടക്കുന്നത് ഹരമാക്കിയ നിവ്യ ഇന്നലെ 3.32 മീറ്റര്‍ ചാടിയാണ് മീറ്റ്, ദേശീയ റെക്കോഡുകള്‍ പേരിലാക്കിയത്. തന്റെ തന്നെ പേരിലുള്ള 3.31 മീറ്റര്‍ തിരുത്തി. 2011-ല്‍ കേരളത്തിന്റെ സിഞ്ചു പ്രകാശ് സ്ഥാപിച്ച 3.30 മീറ്റര്‍ മീറ്റ് റെക്കോഡും പഴങ്കഥ. ഈയിനത്തില്‍ കേരളത്തിന്റെ ദിവ്യ മോഹന്‍ 3.10 മീറ്റര്‍ ചാടി വെങ്കലം നേടി.
പാലക്കാട് കല്ലടി എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയാണ് കണ്ണൂര്‍ സ്വദേശിനി നിവ്യ. കണ്ണൂര്‍ എടക്കുടിയില്‍ കോളയാട് ക്വാറി തൊഴിലാളിയായ ആന്റണിയുടെയും റജിയുടെയും മകളായ നിവ്യ ലോക സ്കൂള്‍ മീറ്റില്‍ വെള്ളിയും നേടിയിട്ടുണ്ട്. പാലാ ജംപ്സ് അക്കാദമിയിലെ സതീഷിന്റെ ശിക്ഷണത്തില്‍ നിവ്യയുടെ പരിശീലനം.
100, 400 മീറ്ററുകളില്‍ നിരാശ
കേരളം ഏറെ പ്രതീക്ഷയര്‍പ്പിച്ച 100 മീറ്ററിലും 400 മീറ്ററിലും തിരിച്ചടി. നൂറില്‍ സ്വര്‍ണമില്ല. രണ്ട് വെള്ളി, മൂന്ന് വെങ്കലം സമ്പാദ്യം. അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ ജില്‍ന (12.25 സെക്കന്‍ഡ്) അണ്ടര്‍ 16 ആണ്‍കുട്ടികളില്‍ സി. അഭിനവ് (11.27) വെള്ളി നേടിയപ്പോള്‍, അണ്ടര്‍ 20 ആണ്‍കുട്ടികളില്‍ മുഹമ്മദ് സാദത്ത് (10.80), അണ്ടര്‍ 16 പെണ്‍കുട്ടികളില്‍ ആന്‍സി സോജന് (12.72), അണ്ടര്‍ 18 ആണ്‍കുട്ടികളില്‍ ലിബിന് ഷിബു(11.10) എന്നിവര്‍ക്ക് വെങ്കലം.
400 മീറ്ററില്‍ ഒന്നു വീതം സ്വര്‍ണം, വെള്ളി, രണ്ട് വെങ്കലം. അണ്ടര്‍ 16 പെണ്കുട്ടികളല് സൂര്യമോള്‍ (57.22 സെക്കന്‍ഡ്) പൊന്നണിഞ്ഞപ്പോള്‍, ടി. ആദിത്യക്ക് വെങ്കലം (58.03). അണ്ടര്‍ 18 പെണ്‍കുട്ടികളില്‍ ലിനറ്റ് ജോര്‍ജ്ജ് വെള്ളിയും (57.88 സെ.), അണ്ടര്‍ 20യില്‍ വി.കെ. വിസ്മയ (56.34 സെ.) വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: